അകക്കണ്ണിന്റെ വെളിച്ചത്തിൽ അവർ ആകാശം തൊട്ടു

മുക്കം: ഇരുട്ടുകൊണ്ട് മാത്രം ലോകത്തെ കാണുന്ന കാഴ്ചയില്ലാത്ത ഒരുപറ്റം മനുഷ്യരുടെ ആകാശ യാത്ര ഇന്നലെ സഫലീകരിക്കപ്പെട്ടു. അകക്കണ്ണിന്റെ വെളിച്ചത്തിൽ സ്വപ്നങ്ങളെ പ്രകാശിപ്പിച്ച ഒരു യാത്ര. കീഴുപറമ്പ് അന്ധ അഗതി മന്ദിരത്തിലെ 19 അന്തേവാസികളാണ് സ്വപ്നമായി അവശേഷിച്ച ആകാശ യാത്രയെ അകക്കണ്ണുകൊണ്ട് അനുഭവിച്ചറിഞ്ഞത്. ഗ്രീൻ പാലിയേറ്റീവിന്റെ സഹായത്തോടെയാണ് ഇന്നലെ വൈകുന്നേരം 2. 15 ന്റെ എയർ ഇന്ത്യ വിമാനത്തിൽ ഇവർ കരിപ്പൂർ എയർപോർട്ടിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലേക്ക് പറന്നത്. 10 വളണ്ടിയർമാരും എയർ ഹോസ്റ്റസുമാരും അന്തേവാസികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി സ്വപ്ന സാഫല്യത്തിന് പിന്തുണയേകി. പാട്ടുപാടിയും കരഘോഷങ്ങൾ മുഴക്കിയും ആഹ്ലാദം പങ്കിട്ടും അവർ കണ്ണീരോർമകൾക്ക് അൽപം വിടനൽകി. വൈകുന്നേരം 2.45 ഓടെ വിമാനം കണ്ണൂരിൽ എത്തി. കണ്ണൂരിൽ നിന്ന് ബസ് മാർഗം പിന്നീട് പോയത് മുഴുപ്പിലങ്ങാടി ഡ്രൈവിങ് ബീച്ചിലേക്ക്. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിച്ചാണ് അവർ മടങ്ങിയത്. കോഴിക്കോട് വച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു. ആഗ്രഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ യാത്ര. കീഴുപറമ്പ് അഗതി മന്ദിരത്തിലെ അന്തേവാസികൾ ആദ്യമായി കടൽ കണ്ടതും കൊച്ചി മെട്രോയിൽ യാത്ര ചെയ്തതും ഗ്രീൻ പാലിയേറ്റീവിന്റെ സഹായത്തോടെയായിരുന്നു. ഇവരുടെ ഏറെക്കാലമായുള്ള ആകാശയാത്രയും ഇപ്പോൾ സഫലമായി. രോഗി പരിചരണം മാത്രമാണ് പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ എന്ന ധാരണയെ മാറ്റിയെഴുതുകയാണ് ഗ്രീൻ പാലിയേറ്റീവ് പ്രവർത്തകർ. ശാരീരിക അവശതകളാൽ നാലു ചുവരുകൾക്കുള്ളിൽ തളച്ചിട്ടിരുന്ന മനുഷ്യരുടെ സ്വപ്നങ്ങൾക്ക് അങ്ങനെ ചിറക് ലഭിച്ചിരിക്കുന്നു.

കീഴുപറമ്പ് അഗതി മന്ദിരത്തിലെ അന്തേവാസികളും ഗ്രീൻ പാലിയേറ്റീവ് വളണ്ടിയർമാരും കരിപ്പൂർ വിമാനത്താവളത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *