അമ്പല കമ്മിറ്റിയും മുനിസിപ്പൽ എൻജിനീയറും തമ്മിൽ

മുരളി തുമ്മാരുകുടി

ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് അമ്പലകമ്മിറ്റിയിലേക്കല്ല എന്ന് പറഞ്ഞത് കോലാഹലം ആയി. അതവിടെ നിൽക്കട്ടെ.

ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് മുനിസിപ്പൽ എൻജിനീയർ ആകാനുള്ളതല്ല എന്ന് പറഞ്ഞാൽ കോലാഹലമാകുമോ ?, അറിയില്ല.

പക്ഷെ ചിലപ്പോഴെങ്കിലും നമ്മുടെ ജന പ്രതിനിധികൾ അവരുടെ പ്രാദേശിക വികസന ഫണ്ട് ചിലവാക്കിയ കണക്കും നിർമ്മിച്ച റോഡുകളും കെട്ടിടങ്ങളും ഒക്കെ കാണിച്ച് വോട്ട് ചോദിക്കുമ്പോൾ അങ്ങനെയും തോന്നും. ഇതൊക്കെ പ്രദേശത്തെ എൻജിനീയർമാർ ചെയ്യേണ്ട കാര്യമല്ലേ ?

നമ്മുടെ എം എൽ എ മാർക്കും എം പി മാർക്കും ഒക്കെ ചെറിയ ഒരു തുക അവരുടെ പ്രാദേശിക വികസനത്തിനായി നൽകുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരൻ ആണ് ഞാൻ. വാസ്തവത്തിൽ ഏതൊരു മണ്ഡലത്തിലും വർഷവർഷം നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പത്തിലൊന്നു പോലും വരില്ല ഇത്. പക്ഷെ ജന പ്രതിനിധികൾക്ക് നേരിട്ട് തീരുമാനിക്കാൻ സ്വാതന്ത്ര്യം ഉള്ളതിനാൽ അക്കാര്യത്തിൽ അവർ കൂടുതൽ താല്പര്യം എടുക്കുന്നു. ആ പണം മോശമായി ചിലവാക്കിയാൽ ചീത്തപ്പേര് വരുമല്ലോ എന്ന് പേടിച്ച് പണി നടത്തുന്നതിലും പണം ചിലവാക്കുന്നതിലും ഒക്കെ കൂടുതൽ മേൽനോട്ടം വഹിക്കുന്നു. നമ്മുടെ ജന പ്രതിനിധികളുടെ നല്ലൊരു ശതമാനം സമയം ഈ പണം ഉപയോഗിക്കുന്നതിനായി പോകുന്നു.

പിന്നെ എന്തിനാണ് നമ്മൾ ജന പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടത് ?, എന്ത് കാര്യത്തിലാണ് അവർ സമയം ചിലവാക്കേണ്ടത് ?.

ഈ ചോദ്യത്തിന്റെ ഉത്തരം നമ്മൾ എം എൽ എ യെ ആണോ എം പി യെ ആണോ തിരഞ്ഞെടുക്കുന്നത് എന്നത് അനുസരിച്ചിരിക്കുന്നു. തല്ക്കാലം ലോകസഭയിലേക്കാണല്ലോ തിരഞ്ഞെടുപ്പ് അപ്പോൾ എന്താണ് നമ്മൾ അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്നതിനെ പറ്റി എൻ്റെ അഭിപ്രായം പറയാം.

ഒന്നാമത് ഇന്ത്യയിൽ ആരാണ് പ്രധാനമന്ത്രി ആയി സർക്കാർ ഉണ്ടാക്കേണ്ടത് എന്നത് നമ്മൾ നേരിട്ടല്ല തീരുമാനിക്കുന്നത്. നമ്മൾ തിരഞ്ഞെടുക്കുന്ന ആളുകൾ ഡൽഹിയിൽ പോയി അങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്നും ആണ് ആ തീരുമാനം വരേണ്ടത്. അതേ സമയം ഇന്ത്യയെ ആര് ഭരിക്കണം അല്ലെങ്കിൽ ആര് ഭരിക്കരുത് എന്നതിനെ പറ്റി നമുക്ക് ഒരു അഭിപ്രായം ഉണ്ടാകുമല്ലോ. അപ്പോൾ തിരഞ്ഞെടുപ്പിന് ശേഷം ആ അഭിപ്രായം ഡൽഹിയിൽ എത്തിക്കാൻ സാധ്യത ഉള്ള ആൾക്കാണ് വോട്ട് ചെയ്യേണ്ടത്. ഇക്കാര്യം കൊണ്ട് തന്നെ പക്ഷം ഇല്ലാത്തവർക്കോ മറുകണ്ടം ചാടുന്നവർക്കോ വോട്ട് ചെയ്താൽ നമ്മുടെ വോട്ട് പാഴാകുക മാത്രമല്ല ദുരുപയോഗപ്പെടുകയും ചെയ്യാം. ചെറിയ പ്രാദേശിക പാർട്ടികൾക്കൊക്കെ വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമാണിത്.

രണ്ടാമത്തെ കാര്യം ഇന്ത്യയിലെ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് നിയമങ്ങൾ അനുസരിച്ചു ഭൂരി ഭാഗം മന്ത്രിമാരും ലോകസഭാ അംഗങ്ങളിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെടുന്നത്. (ഇത് ശരിയല്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്, കാരണം മന്ത്രി അകാൻ വേണ്ട കഴിവുകൾ അല്ല ഒരു നിയമ നിർമ്മാണ സഭയിലെ അംഗം ആകാൻ വേണ്ടത്. എല്ലാ രാജ്യങ്ങളിലും ഇങ്ങനെ എം പി മാരിൽ നിന്നും അല്ല മന്ത്രിമാരെ തിരഞ്ഞെടുക്കുന്നത്. ചിലയിടത്തെല്ലാം മന്ത്രിമാർ നിയമ നിർമ്മാണ സഭയിൽ അംഗം ആയിരിക്കരുത് എന്ന് നിയമം ഉണ്ട്. പക്ഷെ എൻ്റെ അഭിപ്രായം ഇവിടെ പ്രസക്തമല്ല.). അതുകൊണ്ടു തന്നെ നമ്മൾ തിരഞ്ഞെടുക്കുന്ന ആൾ വിജയിച്ചു ഭരണ കക്ഷിയുടെ മന്ത്രി ആവാൻ സാധ്യത ഉണ്ടെങ്കിൽ അങ്ങനെ ഉള്ളവർക്ക് വോട്ട് ചെയ്യുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമായി ഗുണം ചെയ്യും.

മൂന്നാമതെത്തും പ്രധാനമായതും ആയ ഒരു കാര്യം നിയമ നിർമ്മാണ സഭയിലെ അംഗത്വം ആണ്. ഇന്ത്യയെ മൊത്തമായി മനസ്സിലാക്കുകയും, മാറുന്ന ലോകത്ത് ഇന്ത്യക്ക് വേണ്ട നയങ്ങളും നിയമങ്ങളും എന്തായിരിക്കണം എന്നതിനെ പറ്റി ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കുകയും ഒക്കെ ചെയ്യുന്ന ആളായിരിക്കണം ലോകസഭയിൽ ഉണ്ടായിരിക്കേണ്ടത്. ഭരണ കക്ഷി ആയാലും അല്ലെങ്കിലും നിയമങ്ങൾ നിർമ്മിക്കുന്നതിൽ ഇടപെടുകയും സർക്കാരിന്റെ ഭരണത്തിന്റെ മേൽനോട്ടം വഹിക്കുകയും പാർലിമെന്റ് അംഗങ്ങളുടെ ജോലിയാണ്. ഇക്കാര്യം ചെയ്യാൻ അറിവും കഴിവും ഉള്ളവർ പാർലിമെന്റിൽ എത്തുന്നത്, അത് ഭരണകക്ഷി ആയാലും അല്ലെങ്കിലും നല്ലതാണ്.

നാലാമത്തെ കാര്യം സ്വന്തം നിയോജകമണ്ഡലത്തിലെയും സംസ്ഥാനത്തെയും വികസന പ്രശ്നങ്ങളും പ്രതിസന്ധികളും അറിഞ്ഞു പഠിച്ചു കേന്ദ്രത്തിൽ ഭരിക്കുന്നവരുടെ ശ്രദ്ധയിൽ കൊണ്ട് വന്ന് അർഹമായത് നേടിയെടുക്കുക എന്നത് പ്രധാനമായ കാര്യമാണ്. ഇക്കാര്യത്തിലും ഭരണകക്ഷി പ്രതിപക്ഷ കക്ഷി വ്യത്യാസമില്ല. ഇത് ചെയ്യാൻ കഴിവുള്ളവരെ നമ്മൾ തിരഞ്ഞെടുത്താൽ നാടിനും സംസ്ഥാനത്തിനും അത് വലിയ നേട്ടം ഉണ്ടാക്കും.

ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ പ്രധാനമാണെങ്കിലും മറ്റുള്ള കാര്യങ്ങളിൽ എല്ലാം തുല്യത വന്നാൽ ഞാൻ തീർച്ചയായും യുവാക്കൾക്കും സ്ത്രീകൾക്കും മുൻഗണന കൊടുക്കും. കാരണം കണ്ടു പഴകിയതിൽ നിന്നും മാറി പുതിയ ചിന്താഗതികൾ ഉള്ളവർ പാർലമെന്റിലും നേതൃസ്ഥാനങ്ങളിലും എത്തുമ്പോൾ ആണ് രാജ്യത്ത് അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടാകുന്നത്.

മാറ്റങ്ങൾ വരണം, വരും, വരാതിരിക്കില്ല

മുരളി തുമ്മാരുകുടി.

Leave a Reply

Your email address will not be published. Required fields are marked *