ഐ.പി.എല്ലില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി റെയ്‌ന

ചെന്നൈ: ഐ.പി.എല്ലില്‍ 5,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന. ഇന്നലെ നടന്ന ഐ.പി.എല്‍ 12ാം സീസണിന്റെ ഉദ്ഘാടനമത്സരത്തിലായിരുന്നു റെയ്‌നയുടെ ചരിത്ര നേട്ടം. മത്സരം തുടങ്ങും മുന്‍പ് 4985 റണ്‍സായിരുന്നു റെയ്‌നയുടെ സമ്പാദ്യം. വ്യക്തിഗത സ്‌കോറില്‍ 15 റണ്‍സ് കൂടി ചേര്‍ത്തതോടെയാണ് റെയ്‌ന 5,000 ക്ലബ്ബിലെത്തിയത്. എന്നാല്‍, പിന്നീട് നാലുറണ്‍സേ റെയ്‌നക്കു നേടാനായുള്ളൂ. 19 റണ്‍സില്‍ താരം ഔട്ടായി.

4948 റണ്‍സുമായി ദേശീയടീമിന്റെയും ഐ.പി.എല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെയും നായകനായ വിരാട് കോഹ്ലിയാണ് റെയ്‌നയുടെ തൊട്ടുപിന്നില്‍. 12ാം സീസണ്‍ തുടങ്ങും മുന്‍പ് ആരാവും 5,000 ക്ലബ്ബിലെ ആദ്യ അംഗമാവുകയെന്നു ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുകയായിരുന്നു. എന്നാല്‍, ആറുറണ്‍സുമായി കോഹ്ലി മടങ്ങിയതോടെ പിന്നീട് റെയ്‌നയിലായി പ്രതീക്ഷ. 15 റണ്‍സ് നേടി റെയ്‌ന പ്രതീക്ഷ കാക്കുകയുംചെയ്തു.

അതേസമയം, ഇന്നലെ നടന്ന മല്‍സരത്തില്‍ ഏഴുവിക്കറ്റിന് ബാംഗ്ലൂരിനെ ചെന്നൈ പരാജയപ്പെടുത്തി. സ്‌കോര്‍ ചുരുക്കത്തില്‍: ബാംഗ്ലൂര്‍- 17.1 ഓവറില്‍ 70; ചെന്നൈ- 17.4 ഓവറില്‍ 3ന് 71. പാര്‍ഥിവ് പട്ടേല്‍ മാത്രമാണ് ബാംഗ്ലൂര്‍ നിരയില്‍ രണ്ടക്കം കണ്ടത്- (29). മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നര്‍മാരായ ഹര്‍ഭജന്‍ സിങ്ങും ഇമ്രാന്‍ താഹിറുമാണ് ബാംഗ്ലൂരിനെ കുറഞ്ഞ സ്‌കോറില്‍ ചുരുക്കിക്കെട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *