കുടുംബശ്രീ ഉൽപന്നങ്ങൾ ഇനി ആമസോൺ വഴിയും

മുക്കം: കുടുംബശ്രീ ഉല്‍പന്നങ്ങൾ ഇനി മുതൽ പ്രമുഖ ഓൺലൈൻ വിപണിയായ ആമസോൺ വഴിയും ലഭിക്കും. ഇതിന്‍റെ  ഭാഗമായി കുടുംബശ്രീ ആമസോണുമായി ധാരണാ പത്രം ഒപ്പു വച്ചു. വിപണന മേഖലയില്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തി അവയെ വനിതകള്‍ക്ക് പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ആമസോണുമായി സഹകരിക്കുന്നത്. വനിതാ സംരംഭകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആമസോണ്‍ അവതരിപ്പിക്കുന്ന ആമസോണ്‍ സഹേലി എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംയോജനം സാധ്യമാകുന്നത്.  ആദ്യഘട്ടത്തില്‍ കുടുംബശ്രീ വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന ടോയ്ലെറ്ററീസ്, സോപ്പ്, ആയുര്‍വേദിക് ഉല്‍പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി തെരഞ്ഞെടുത്ത നൂറ്റിപത്തോളം വ്യത്യസ്ത ഉല്‍പന്നങ്ങളാണ് ആമസോണ്‍ വെബ്സൈറ്റിലൂടെ വില്‍പനയ്ക്ക് എത്തിക്കുക. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് തങ്ങള്‍ക്കിഷ്ടമുള്ളവ തെരഞ്ഞെടുക്കാം. കുടുംബശ്രീ സംസ്ഥാന മിഷനില്‍ പ്രവര്‍ത്തിക്കുന്ന ആമസോണ്‍ സഹേലി സെന്‍ററിലാണ് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങള്‍ പായ്ക്കു ചെയ്യുകയും ആമസോണ്‍ വിതരണ സംവിധാനം ഉപയോഗിച്ച് ഉപഭോക്താക്കളിലെത്തിക്കുകയും ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്.  ഗ്രാമീണ വനിതാ സംരംഭകര്‍ക്ക് പുതിയ വിപണന മേഖലയെ പരിചയപ്പെടുത്തുന്നതിനോടൊപ്പം ഉല്‍പാദനത്തിനും വിപണനത്തിനും ഉയര്‍ച്ച കൈവരിക്കുകയെന്നതും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിനു തയാറാക്കാനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *