കുമാര പർവ്വതത്തിന്റെ നെറുകയിൽ

ബബി സരോവർ

കണ്ണെത്താത്ത ഉയരത്തിൽ വളർന്നു പന്തലിച്ചു കിടക്കുന്ന , ഒരു വെയിൽച്ചീളു പോലും അകത്തെത്താൻ മടിക്കുന്ന കരിംപച്ച കാട്. അതിൽ ഇടതൂർന്ന് പടർന്നു കിടക്കുന്ന വള്ളിച്ചെടികൾ, പേരറിയാത്ത കാട്ടുപൂക്കൾ, അനേകമനേകം പക്ഷികൾ മൃഗങ്ങൾ. അതിനു നടുവിലൂടെ വളഞ്ഞും പുളഞ്ഞും ചിലപ്പോൾ കുത്തനെയും നീളുന്ന ഒരു ഒറ്റയടിപ്പാത. കിലോമീറ്ററുകൾ നീളുന്ന ആ വഴി അവസാനിക്കുന്നത് അനേകമനേകം വലുതും ചെറുതുമായ, മുട്ടറ്റം പുല്ലുകൾ വളർന്നു കിടക്കുന്ന മലനിരകളിലേക്കാണ്. ആ മലകളെല്ലാം കയറിച്ചെന്നാൽ നമുക്ക് കുമാരപർവ്വത നെറുകയിലെത്താം.

  2018ലെ അവസാനത്തെ ലീവും ഒക്ടോബർ ആദ്യമേ എടുത്ത് തീർത്തതു കൊണ്ട് കാര്യമായൊരു യാത്ര പോലും പോവാനാവാതെ പുതുവർഷമാകാൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയായിരുന്നു ഞാൻ. സഞ്ചാരിയിൽ വായിച്ചറിഞ്ഞ നാൾ മുതൽ മനസ്സിൽ കുടിയേറിയ സ്ഥലമായതുകൊണ്ട് 2019ലെ ആദ്യത്തെ യാത്ര കുമാര പർവ്വതത്തിലേക്കാക്കാൻ രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല. ആദ്യം ഞാനും ശ്രീയും മാത്രമായി പ്ലാൻ ചെയ്ത യാത്രകൂട്ടുകാരും അവസാന നിമിഷം അപ്രതീക്ഷിതമായ് വിരുന്നെത്തിയവരുമൊക്കെയായി 10 പേരുള്ള ഒരു ടീമായി.

എല്ലാ യാത്രയിലും എന്തെങ്കിലുമൊക്കെ മണ്ടത്തരങ്ങൾ പറ്റാറുണ്ട്. ഇത്തവണ അത് യാത്രയ്ക്ക് മുന്നേ ആയിരുന്നു എന്നു മാത്രം.  ട്രെക്കിംഗ് ഒക്കെ അല്ലേ, മേലനങ്ങി വല്ല പണീം ചെയ്തിട്ട് മാസങ്ങളായി എന്നും പറഞ്ഞ് കാലും കൈയും ഒക്കെ ഒന്നനങ്ങട്ടേന്നും കരുതി ഒരാഴ്ച മുന്നേ അറിയാവുന്ന കസർത്തൊക്കെ കാണിച്ചു കൂട്ടി. രണ്ട് ദിവസം കഴിഞ്ഞില്ല ശരീരത്തിൽ എവിടൊക്കെ ജോയിന്റുണ്ടോ അവിടൊക്കെ വേദന കാരണം നടക്കാൻ പറ്റാത്ത പരുവം ആയി. ഇതിന്റെ കൂടെ മറ്റൊരു ഇടിത്തീം. ജോലിടെ ആവശ്യം കാരണം ഒരാഴ്ചയായി എറണാകുളത്തുള്ള ഞങ്ങൾ ട്രെയിനിന്റെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ മറന്നു പോയി. ഓർത്തപ്പോഴേക്കും 24 മണിക്കൂർ കഴിഞ്ഞു പോയിരുന്നു. അത്രേം തിരക്കുള്ളൊരു ദിവസം ആ കാലു വേദനേം വെച്ച് ജനറൽ കോച്ചിലോ ബസിലോ തൂങ്ങിപ്പിടിച്ചു നിന്ന് യാത്ര ചെയ്യുന്ന കാര്യം ഓർക്കാൻ പോലും വയ്യാരുന്നു. അവസാനം Red bus ൽ കേറി രണ്ടേ രണ്ട് സീറ്റ് ബാക്കിയുണ്ടായിരുന്നൊരു ബസ് ബുക്ക് ചെയ്യേണ്ടി വന്നു.

 നട്ടപ്പാതിരായ്ക്ക് അങ്കമാലീ ന്നു കേറിയ ബസ് 7 മണി കഴിഞ്ഞപ്പഴേക്കും കാസർഗോഡെത്തി.നേരം വെളുത്തെങ്കിലും ചെറിയ ചായക്കടയല്ലാതെ മറ്റൊന്നും തന്നെ തുറന്നിട്ടുണ്ടായിരുന്നില്ല. തലേ ദിവസം തിന്ന ചപ്പാത്തീനേം ബീഫിനേം വയറ് എപ്പഴേ മറന്നു കഴിഞ്ഞിരുന്നു. എന്തായാലും അവിടെ ഹോട്ടലൊക്കെ തുറന്ന് ഭക്ഷണമൊക്കെ ആയി വരുമ്പഴേക്കും സമയം അതിന്റെ പാട്ടിന് പോകും എന്നതോണ്ട് കിട്ടിയ ബസിനു ഞങ്ങൾ സുള്ള്യയിലേക്ക് വിട്ടു. അവിടെയെത്തി വിശാലമായി ഒരു മസാല ദോശയൊക്കെ തിന്ന് ബസ്സും പിടിച്ച് നേരെ സുബ്രമണ്യ എത്തിയപ്പോഴേക്കം ഉച്ചയാവാറായി. അവിടെ നിന്നും ബാക്കിയുള്ള ടീം മേറ്റ്സിനെ എല്ലാം പെറുക്കി കൂട്ടി ട്രെക്കിംഗ് സ്റ്റാർട്ട് ചെയ്തു.

കുമാരപർവ്വതത്തിലേക്കുള്ള ട്രെക്കിംഗ് തുടങ്ങുന്നത് കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നും 2 Km അകലെ നിന്നാണ്. നടന്നോ ജീപ്പോ ഓട്ടോയോ പിടിച്ചോ പോവാം. ആകാശം മുട്ടെ വളർന്നു നിൽക്കുന്ന മരങ്ങളും വള്ളികളും നിറഞ്ഞ കാട്ടിലൂടെയാണ് ആദ്യ ഘട്ട ട്രെക്കിംഗ്. ഇടയ്ക്കിടെ തല കാണിക്കുന്ന കുരങ്ങച്ചന്മാരും പക്ഷികളമൊക്കെ ഞങ്ങളുടെ ഒച്ച കേട്ടപ്പോഴേക്കും ഓടി ഒളിച്ചു. കൊടും കാടാണെങ്കിലും പോകാനുള്ള വഴി മുൻപേ പോയവരുടെ കാലടികൾ അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ഒറ്റക്കാണെങ്കിൽ പോലും വഴി തെറ്റുമെന്ന് പേടിയേ വേണ്ട. നിരപ്പായ വഴികൾ തീരെ കുറവാണെന്നു തന്നെ പറയാം. മരങ്ങളുടെ വേരു കൊണ്ട് പ്രകൃതി തന്നെ ഉണ്ടാക്കിയ കോണിപ്പടികളാണ് വഴി ഉടനീളം. ഇടയ്ക്കൊക്കെ മഴവെള്ളം കുത്തിയൊലിച്ചുണ്ടായ വഴികളുമുണ്ട്. ആദ്യമൊക്കെ ഉണ്ടായിരുന്ന എനർജി കുറച്ചായപ്പോഴേക്കും ചോർന്ന് തുടങ്ങി. ട്രെക്കിംഗിന്റെ കടുപ്പം കാരണം കാടിന്റെ ഭംഗിയും വന്യതയും ശരിക്കാസ്വദിക്കാൻ പോലും പറ്റിയില്ല. നടന്നും ഓടിയും കിതച്ചും നിന്നും ഇടയ്ക്കൊന്ന് വിശ്രമിച്ചുമെല്ലാം വൈകുന്നേരത്തോടെ കാട് കടന്നു കിട്ടി. ഇനിയങ്ങോട്ട് പുൽമേടുകളാണ്. കുറച്ച് ദൂരം നടന്ന് തിരിഞ്ഞു നോക്കിയപ്പോഴാണ് സൂര്യൻ സ്വർണവർണത്തിൽ അസ്തമിക്കാൻ തുടങ്ങിയ കാഴ്ച കണ്ടത്. അതു വരേ നടന്നതിന്റെ ക്ഷീണമൊക്കെ പമ്പ കടക്കാൻ ആ ഒരൊറ്റ കാഴ്ച മതിയായിരുന്നു.

അസ്തമയമൊക്കെ കണ്ട് ഫോറസ്റ്റ് ഓഫീസെത്തിയപ്പോഴാണ് അവിടത്തെ തിരക്ക് ശരിക്കും മനസ്സിലായത്. ടെന്റടിക്കാനുള്ള സ്ഥലമെല്ലാം ഏറെക്കുറെ തീർന്നിരുന്നു. ശ്ശെടാ ഇവരെയൊന്നും വരണ വഴി കണ്ടില്ലല്ലോ, എപ്പഴാണാവോ കേറി ഇതിന്റെ മുകളിലെത്തിയേ, എന്നത്ഭുതപ്പെട്ടു പോയി. പിന്നെ ഒട്ടും വൈകിച്ചില്ല ആകെ ബാക്കിയുള്ള ഇത്തിരി സ്ഥലത്ത് ടെൻറുറപ്പിച്ച് ബാഗും സാധനങ്ങളുമെല്ലാം അതിനകത്ത് വെച്ച് ബട്ടർ മനയിലേക്ക് നടന്നു. ട്രെക്കിംഗിനിടയ്ക്ക് ഭക്ഷണം കിട്ടുന്ന ഒരേ ഒരു സ്ഥലം ബട്ടർ മനയാണ്. നേരത്തെ വിളിച്ചു പറയണമെന്നു മാത്രം. ഫോറസ്റ്റോഫീസിൽ നിന്നും വന്ന വഴി കുറച്ച് പുറകിലോട്ട് നടക്കണം ബട്ടർ മനയിലേക്ക്. അവിടെ എത്തിയപ്പോഴോ ഒരു പൂരത്തിനുള്ള ആൾക്കാർ ഉണ്ട്. ഭക്ഷണത്തിന്റെയും ആകെ ഉള്ള 2 ടോയ്ലറ്റിന്റെ മുന്നിലും നീളൻ ക്യൂ. ആ തിരക്കിലും കൂട്ടത്തിലെ വൃത്തി രാക്ഷസി ജസ്നയ്ക്ക് കുളിച്ചാലേ ഭക്ഷണം ഇറങ്ങുള്ളൂ എന്ന് വാശി. ഓരാൾക്ക് നേരെ നിവർന്ന് നിൽക്കാൻ പോലും സ്ഥലമില്ലാത്ത ബാത്ത് റൂമിൽ നിന്നും കുളിച്ചിറങ്ങിയ അവളെ കണ്ടപ്പോൾ സാഹചര്യങ്ങളോട് എങ്ങനെയാണ് മനുഷ്യൻപൊരുത്തപ്പെടുന്നത് എന്നെനിക്ക് മനസ്സിലായി. ജലസംരക്ഷണം കരുതി ആഴ്ചയിൽ 2 ദിവസം മാത്രം കുളിക്കുന്ന എനിക്ക് പിന്നെ ആ ഒരു സർക്കസിന്റെ ആവശ്യം വന്നില്ല. കുളീം നനേം ഒക്കെ കഴിഞ്ഞ് നിന്നു നിന്നവസാനം ഫുഡ് കിട്ടി. ചോറും വെള്ളം പോലുള്ള കറിയും അച്ചാറും ,120 രൂപ. വേറെ എവിടെയെങ്കിലുമായിരുന്നെങ്കിൽ തിരിഞ്ഞു നോക്കാൻ പോലും സാധ്യത ഇല്ലാത്ത ഭക്ഷണമാണ്. ഒരു വറ്റു പോലും ബാക്കിയാക്കാതെ കഴിച്ചു തീർത്തു. കഷ്ടപ്പെട്ട് ഞങ്ങൾ കയറി വന്ന വഴിയിലൂടെയാണല്ലോ ഇതിനുള്ള സാധനങ്ങളെല്ലാം അവർ ചുമന്നെത്തിക്കുന്നത് എന്നോർത്താൽ ഇല്ലാത്ത രുചി വരും നാവിൽ.

ടെൻറിലേക്ക് തിരിച്ചു നടന്നപ്പോഴേക്കും രാവിരുട്ടി തുടങ്ങിയിരുന്നു. കാടിനാൽ ചുറ്റപ്പെട്ട മലനിരകളൊന്നിൽ ഇളം തണുപ്പേറ്റ് നക്ഷത്രങ്ങളേയും നോക്കിയിരിക്കുന്നതിനോളം മനസ്സു നിറക്കുന്ന മറ്റെന്തുണ്ട്. എന്തിനാണെപ്പോഴും യാത്ര യാത്രയെന്നും പറഞ്ഞ് ഇറങ്ങി പുറപ്പെടുന്നത് എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമിതാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത്തരം നിമിഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെങ്കിൽ ആരും തന്നെ ചോദിക്കില്ല എന്തിന് യാത്ര ചെയ്യുന്നു എന്ന്.

രാത്രി വൈകി എപ്പോഴോ സ്ലീപിംഗ് ബാഗിലേക്ക് ചുരുണ്ടു കൂടിയുറങ്ങി. 4 മണിയായപ്പോഴേക്കും ചുറ്റുമുള്ള ബഹളം കാരണം എഴുന്നേറ്റു. എല്ലാവരും ടെന്റ്റെക്കെ പാക്ക് ചെയ്ത് ഫോറസ്റ്റോഫീസിലേൽപ്പിച്ച് പുലർച്ചെ തന്നെ ട്രെക്കിംഗ് സ്റ്റാർട്ട് ചെയ്യാനുള്ള പരിപാടിയിലാണ്. ഞങ്ങളെല്ലാവരും എഴുന്നേറ്റ് ബാഗ് ഒക്കെ പാക്ക് ചെയ്ത് അത്യാവശ്യത്തിനുള്ള സാധനങ്ങൾ മാത്രമെടുത്ത് ബാക്കിയെല്ലാം ടെന്റിൽ തന്നെ വെച്ചു. ഫോറസ്റ്റോഫീസിൽ നിന്നും ഫോം വാങ്ങി ഫിൽ ചെയ്ത് ഓരോരുത്തർക്കും 350 രൂപ വീതം ഫീസ് അടച്ചു. കൊണ്ടു പോകുന്ന പ്ലാസ്റ്റിക് കുപ്പികളുടേയും കവറുകളുടേയും എണ്ണം അവർ നോട്ട് ചെയ്തു വെച്ചു. അതിനു വേണ്ടി 200 രൂപ വാങ്ങിച്ചു. കൊണ്ടു പോയ പ്ലാസ്റ്റിക്കെല്ലാം തിരികെക്കൊണ്ടു വന്നാൽ ആ പൈസ തിരിച്ചു തരം. അതൊക്കെ കഴിഞ്ഞ് ബട്ടർ മനേലെത്തി ഉപ്പുമാവും ചായേം കടിച്ച്, ക്യൂ നിന്ന് ടോയ്ലറ്റിലും പോയി ട്രെക്കിംഗ് സ്റ്റാർട്ട് ചെയ്തപ്പോഴേക്കും സമയം 8 ആവാറായിരുന്നു.

ഇനി ശേഷ പർവ്വതം വരെയുള്ള യാത്ര മുഴുവൻ കുത്തനെയുള്ള പുൽമേടുകളിലൂടെയാണ്. ശിശിരം മലനിരകളുടെ പച്ചപ്പെല്ലാം മായ്ച്ച് സ്വർണ വർണമണിയിച്ചിട്ടുണ്ട്. പച്ച മലയാളത്തിൽ പറഞ്ഞാൽ പുല്ലൊക്കെ ഉണങ്ങിക്കരിയാറായിട്ടുണ്ടെന്ന് സാരം. എങ്കിൽ പോലും ഉദയകിരണങ്ങൾ പുൽനാമ്പിലെ മഞ്ഞുതുള്ളികളിൽ പതിച്ച് വജ്രം പോലെ തിളങ്ങുന്നത് അതി മനോഹരമായ കാഴ്ചയായിരുന്നു. ആദ്യത്തെ കുറച്ച് ദൂരം നിരപ്പായ വഴിയാണെങ്കിലും പിന്നീടങ്ങോട്ട് കുത്തനെയുള്ള കയറ്റങ്ങളായി. വെയിലിന്റെ കാഠിന്യം കൂടി കൂടി കൈയിലുള്ള വെള്ള മെല്ലാംu തീർന്നു. കുറേ നടന്നപ്പോൾ ഏറെക്കുറെ വറ്റാറായൊരു നീരുറവയുടെ അടുത്തെത്തി. ഫോറസ്റ്റ് ഓഫീസ് കഴിഞ്ഞാൽ പിന്നെ വെള്ളം കിട്ടുന്ന ഒരേയൊരിടം ഇതാണ്. അവിടെ നിന്നും കുപ്പികളിലെല്ലാം വെള്ളം നിറച്ചു. നീരുറവയ്ക്കടുത്തായാണ് യാത്രക്കാർക്ക് വിശ്രമിക്കാനുള്ള കല്ലു മണ്ഡപം. കുറേപ്പേർ അതിന്റെ മണ്ടയിൽ വരെ കയറി നിന്ന് സെൽഫീ എടുക്കുന്നുണ്ടായിരുന്നു.

പിന്നീടങ്ങോട്ടുള്ള നടത്തത്തിലാണ് കാലു വേദന അതിന്റെ തനി സ്വരൂപം കാട്ടിത്തുടങ്ങിയത്. 10 അടി വെക്കുമ്പോഴേക്കും വിശ്രമിക്കാതെ വയ്യെന്നായി. വെയിലാണെങ്കിൽ ഉച്ചിയിലെത്തി ഉണ്ടായിരുന്ന എനർജി മുഴുവൻ ഊറ്റിക്കുടിക്കുന്നുണ്ടായിരുന്നു. ഓരോ മലനിരകഴിയുമ്പോഴും ദാ എത്തിപ്പോയി എന്നു വിചാരിച്ചാശ്വസിക്കുന്ന നമ്മളെ നോക്കി ഇതൊന്നും ഒന്നുമല്ല കുട്ട്യേ എന്നും പറഞ്ഞ് മറ്റൊരു മലനിര അവിടെ തലയുയർത്തിപ്പിടിച്ചിരിപ്പുണ്ടാവും. എങ്ങനെയൊക്കെയോ ശേഷപർവതം വരെ ഇഴഞ്ഞെത്തിയപ്പോഴാണ് ഇതൊന്നുമൊന്നുമല്ല യഥാർത്ഥ കടമ്പ മുന്നിൽ കിടക്കുന്നതേ ഉള്ളൂ എന്ന് മനസ്സിലായത്. കുത്തനെയുള്ളൊരു ഇറക്കവും, ആദ്യം നടന്നു തീർത്തതുപോലൊരു കാടും, പാറക്കെട്ടുകൾ നിറഞ്ഞൊരു മലയും കൂടെ കയറിയാലേ കുമാരപർവ്വതത്തിന്റെ ഉച്ചിയിൽ കാൽ തൊടാനാവൂ. ആൾക്കാരൊക്കെ ചിലന്തിയെപ്പോലെ അള്ളിപ്പിടിച്ച് മല കയറുന്നുണ്ട്. പിണങ്ങിയ കാലും വെച്ച് ആ സാഹസം എങ്ങനെ ചെയ്യും എന്ന് അന്തം വിട്ടിരിക്കുമ്പോഴാണ് ചിലരൊക്കെ ഇതൊക്കെ എന്ത് എന്ന മട്ടിൽ ഒരൊറ്റ പോക്ക് പോവുന്നത്. അവരുടെ കാലിൽ റബ്ബറാണോ എന്നു വരെ ഞാൻ സംശയിച്ചു പോയി. എങ്ങിനെയൊക്കെയോ മുകളിലെത്തിയപ്പോ സൂര്യൻ തലയ്ക്ക് മുകളിലെത്താറായിരുന്നു. പുഷ്പഗിരി പീക്ക് 0 Km എന്നെഴുതിയ ബോർഡിനടുത്തു നിന്നു സെൽഫീ എടുക്കാനുള്ള തിരക്കിലായിരുന്നു എല്ലാരും. മലയുടെ മുകളിൽ പൂജയോ യാഗമോ എന്തോ നടക്കുന്നുണ്ട്. ഫോട്ടോ എടുക്കാൻ പോയവരെയൊക്കെ നല്ല തെറി പറഞ്ഞവർ ഓടിച്ചു. കന്നടയായതു കൊണ്ട് ഒന്നും മനസ്സിലാവാത്തത് കൊണ്ട് രക്ഷപ്പെട്ടു.

ഇനി തിരിച്ചിറക്കമാണ്. കയറ്റം പോലെയല്ല ഇറക്കം. സമയം കുറവ് മതിയെങ്കിലും കാലിന്റെ ശേഷി നന്നായി പരീക്ഷിക്കപ്പെടും. ഒരു വിധം വടിയൊക്കെ കുത്തിപ്പിടിച്ച് 2 മണിക്കുള്ളിൽ ഫോറസ്റ്റോഫീസിൽ എത്തി. ഇനിയുള്ള ദൂരം ബാഗിന്റെ കനം കൂടെയുണ്ട് കൂട്ടിന്. അവിടന്നങ്ങോട്ടുള്ള ഓരോ അടി വെപ്പും യാന്ത്രികമായിരുന്നു. നിന്നാൽ അപ്പോ കാലു വിറയ്ക്കാൻ തുടങ്ങും. പലപ്പോഴും എവിടെയെങ്കിലും വീണു പോകുമോ എന്ന് വരെ പേടിച്ച് പോയി. വഴിയാണെങ്കിൽ നടന്നിട്ടും നടന്നിട്ടും തീരുന്നേയില്ല. ഒടുവിൽ എങ്ങനെയൊക്കെയോ കാടിനു പുറത്തെത്തി. ട്രെക്കിംഗ് കഴിഞ്ഞ് ക്ഷീണിച്ചവശരായവരെക്കാത്ത് ജ്യൂസും മോരുമൊക്കെയായി കുറച്ച് പേരവിടെ കാത്തിരിപ്പുണ്ട്. കുറച്ച് ഓട്ടോക്കാരും. ഇനിയൊരു 2 Km കൂടെ നടക്കാൻ ഇറങ്ങി വരുന്ന ആരും തയ്യാറല്ല എന്ന് അവർക്ക് ശരിക്കും അറിയാം. അതിലൊരു ഓട്ടോയിൽ കേറി നേരെ ബസ് സ്റ്റാന്റിലേക്ക്. സുള്ള്യയിലേക്കുള്ള ബസ്സ് പുറപ്പെടാറായി നിൽക്കുകയായിരുന്നു. എല്ലാരോടും റ്റാറ്റാ പറഞ്ഞ് ബസ്സിലേക്ക്. നടു നിവർത്തി ഒന്നിരുന്നതും ഉറക്കം ഏതൊക്കെയോ വഴിയിലൂടെ വന്ന് കണ്ണടപ്പിച്ചു. അപ്പോഴും മനസ്സിലൊന്നേ ഉണ്ടായിരുന്നുള്ളൂ… ഒരിക്കൽ കൂടി ഞാൻ വരും, ഇവിടേക്ക് തന്നെ….

Trekking details


Best season : സെപ്റ്റമ്പർ – ജനുവരി ( കനത്ത മഴക്കാലത്തും വേനൽക്കാലത്തും ട്രെക്കിംഗിന് അനുമതി കൊടുക്കാറില്ല. നവംബർ വരെയുള്ള മാസങ്ങളിൽ അട്ട ശല്ല്യം ഉണ്ടാവാറുണ്ടെങ്കിലും പച്ചപ്പും കോടമഞ്ഞും കാണാൻ പറ്റിയ സീസണാണ്. )

How to reach :

 1. From kasargod- ട്രെക്കിംഗ് സ്റ്റാർട്ടിംഗ് പോയന്റായ കുക്കേ സുബ്രഹ്മണ്യയിലേക്ക് ഡയരക്ട് ബസ് സർവ്വീസ് വല്ലപ്പോഴുമേ ഉള്ളൂ. കാസർഗോഡ് നിന്നും സുള്ള്യയിലേക്ക് KSRTC ബസുകൾ അര മണിക്കൂർ കൂടുമ്പോൾ ഉണ്ട്. സുള്ള്യയിൽ നിന്നും സുബ്രഹ്മണ്യയിലേക്ക് എപ്പോഴും കർണാടക സ്റ്റേറ്റ് ബസ് ഉണ്ട്.
 2. from mangalore & bangalore: സുബ്രഹ്മണ്യയിലേക്ക് ട്രെയിൻ ഉണ്ട്.

where To Stay: ട്രെക്കിംഗ് തുടങ്ങുന്നതിനു മുൻപ് താമസിക്കാനും ഫ്രെഷ് ആവാനും സൗകര്യമുള്ളത് സുബ്രഹ്മണ്യയിലാണ്. ധാരാളം ലോഡ്ജുകളും ഹോട്ടലുകളും ഉണ്ട്. അമ്പലത്തിലും താമസ സൗകര്യം കിട്ടുന്നതാണ്താണ്. അമ്പലത്തിലെയും ബസ് സ്റ്റാന്റിലെയും ബാത്ത് റൂമുകളും അത്യാവശ്യം വൃത്തിയുള്ളതാണ്. ട്രെക്കിംഗിനിടയിൽ ബട്ടർ മനയുടെ അടുത്തും ഫോറസ്റ്റ് ഓഫീസിനടുത്തും മാത്രമേ ക്യാംപ് ചെയ്യാൻ സൗകര്യമുള്ളൂ (തിരക്കുള്ള സീസണിൽ എത്തിയാലുടനെ ടെന്റാക്കെ റെഡിയാക്കുക, ഇല്ലങ്കിൽ വല്ല അരികും മൂലയും മാത്രമേ കിട്ടുള്ളൂ).

Tent & Sleeping bag: ടെൻറും സ്ലീംപിംഗ് ബാഗും മറ്റും വാടകക്ക് എടുക്കാൻ ട്രെക്കിംഗ് തുടങ്ങുന്നതിനു മുന്നേ കുക്കേ ടൂറിസത്തിന്റെ ഓഫീസുണ്ട്. ഓൺലൈൻ ആയി ബുക്ക് ചെയ്യുകയോ ഡയരക്ട് ആയി എടുക്കുകയോ ചെയ്യാം. (തിരക്കുള്ള സമയങ്ങളിൽ നേരത്തെ ബുക്ക് ചെയ്യുന്നതാണ് നല്ലത് ) . കുറഞ്ഞത് രണ്ട് ദിവസത്തേക്കാണ് വാടകക്ക് ലഭിക്കുള്ളൂ. വാടക കൂടാതെ സെക്യൂരിറ്റി ഡെപ്പോസിറ്റും അടക്കണം. details കുക്കേ ടൂറിസം വെബ്സൈറ്റിലുണ്ട്.

food: ട്രെക്കിംഗിനിടയിൽ ഭക്ഷണം ബട്ടർ മനയിൽ നിന്നു മാത്രമേ ലഭിക്കുള്ളൂ, അതും മുൻകൂട്ടി ഓർഡർ ചെയ്താൽ മാത്രം. പാചകം ചെയ്യാനുള്ള സാധനങ്ങൾ കൊണ്ടു വന്നാൽ ഫോറസ്റ്റ് ഓഫീസിൽ നിന്ന് പാചകം ചെയ്തും കഴിക്കാം.

fees: ട്രെക്കിംഗ് ഫീസ് 350 രൂപ (ഞങ്ങൾ പോയപ്പോൾ ). പ്ലാസ്റ്റിക് ബോട്ടിലുകൾ കൊണ്ടുപോവണമെങ്കിൽ 200 രൂപ (തിരിച്ചു കൊണ്ടുവരുമ്പോൾ തിരികെ ലഭിക്കുന്നതാണ്)

How to Plan:
കാസർഗോഡു നിന്നും മഗലാപുരത്തു നിന്നും ബംഗലൂരുവിൽ നിന്നും രാവിലെ പുറപ്പെട്ടാൽ ഉച്ചയോടെ ട്രെക്കിംഗ് സ്റ്റാർട്ടിംഗ് പോയന്റായ സുബ്രഹ്മണ്യ എത്തിച്ചേരാം.
ഉച്ചയോടെ ട്രെക്കിംഗ് തുടങ്ങിയാൽ വൈകുന്നേരത്തോടെ ബട്ടർമന/ ഫോറസ്റ്റ് ഓഫീസ് എത്തിച്ചേരാം. രാത്രി അവിടെ ക്യാംപ് ചെയ്യാം.
പുലർച്ചെ എഴുന്നേറ്റ് ടെന്റ് ഒക്കെ പാക്ക് ചെയത് ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിക്കാം. ട്രെക്കിംഗിനുള്ള form ഫിൽ ചെയ്ത് ഓഫീസിൽ കൊടുത്ത് കുമാരപർവ്വത പീക്കിലേക്കുള്ള ട്രെക്കിംഗ് സ്റ്റാർട്ട് ചെയ്യാം. ബട്ടർ മനയിൽ നിന്നുള്ള ഭക്ഷണം വെയിറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം പുലർച്ചെ ട്രെക്കിംഗ് തുടങ്ങിയാൽ വെയിൽ കനക്കുന്നതിനു മുൻപേ തിരിച്ചിറങ്ങാം.
ഉച്ചയോടെ ഫോറസ്റ്റോഫീസിൽ തിരിച്ചെത്തിയാൽ 4 മണിയോടെ സുബ്രഹ്മണ്യ എത്തിച്ചേരാം. ( വ്യക്തിപരമായ അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *