വിട വാങ്ങിയത് കേരള രാഷ്ട്രീയ മണ്ഡലത്തിലെ ചാണക്യൻ

പൊളിറ്റിക്കൽ ഡെസ്ക്

കോഴിക്കോട്: കേരള രാഷ്ട്രീയ ചരിത്രത്തിലെ ചാണക്യനാണ് കെഎം മാണി. സംസ്ഥാന ചരിത്രത്തിൽ ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് അടക്കം അനവധി അപൂർവതകൾ നിറഞ്ഞതാണ് ഇദ്ദേഹത്തിൻറെ ജീവിതം. മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ കരിങ്ങോഴയ്‌ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി 1933 ലാണ് മാണി ജനിച്ചത്. മരങ്ങാട്ടുപള്ളി സെന്റ് തോമസിലും കടപ്ലാമറ്റം സെന്റ് ആന്റണീസിലും കുറവിലങ്ങാട് സെന്റ് മേരീസിലും പാലാ സെന്റ് തോമസിലുമൊക്കെയായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ വിദ്യാർഥിയായിരിക്കെ ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കാളിയായി. തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സിലും തേവര സേക്രഡ് ഹാർട്ട്‌സിലുമായിരുന്നു കോളജ് വിദ്യാഭ്യാസം. പ്രസംഗവേദികളിൽ പിന്നീട് പ്രസിദ്ധമായ ആ വാഗ്‌ധോരണി കലാലയ നാളുകളിലെ മത്സര പ്രസംഗങ്ങളിൽ തുടങ്ങിയതാണ്. മദ്രാസ് ലോ കോളജിൽനിന്ന് 1955ൽ നിയമബിരുദം നേടി.
രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോൾ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് സ്ഥാനമായിരുന്നു ആദ്യം മാണിയെ തേടിയെത്തിയത്. 1959ൽ ആദ്യം കെപിസിസി അംഗമായി. അന്നുമുതൽ കേരള കോൺഗ്രസ് ഉണ്ടാകുന്നതുവരെ കെപിസിസി അംഗമായിരുന്നു. 1964ൽ കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായി. അതേവർഷമാണ് പി.ടി. ചാക്കോയുടെ വിയോഗം. പാർട്ടി ചാക്കോയോട് അനീതിയാണു കാട്ടിയതെന്ന് അദ്ദേഹത്തിന്റെ അനുയായികൾ ഉറച്ചു വിശ്വസിച്ചു. കെ.എം. ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ കോൺഗ്രസ് വിട്ടു. 1964ൽ തിരുനക്കരയിൽ മന്നത്തു പത്മനാഭൻ കേരള കോൺഗ്രസിനു തിരിതെളിച്ചു. കോട്ടയം ഡിസിസി ഏതാണ്ട് അതേപടി കേരള കോൺഗ്രസിന്റെ ജില്ലാക്കമ്മിറ്റിയായി.

1965ൽ കേരള കോൺഗ്രസിന്റെയും കെ.എം. മാണിയുടെയും പാലാ എന്ന പേരിലുള്ള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്. അന്നുമുതലിന്നോളം ഈ ത്രിത്വം ഒന്നായി തുടർന്നു. ധനകാര്യം, ആഭ്യന്തരം, റവന്യൂ, ജലസേചനം, നിയമം, ഭവനം, വിദ്യുച്‌ഛക്‌തി അങ്ങനെ പലവകുപ്പിലും മന്ത്രിയായിട്ടുണ്ട്. 1975 ഡിസംബർ 21നാണ് കെ.എം. മാണി ആദ്യം മന്ത്രിയാകുന്നത്. ധനകാര്യവകുപ്പിൽ തുടങ്ങി. അടിയന്തരാവസ്‌ഥയെ തുടർന്നുള്ള മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി.
പാലായുടെ രാഷ്‌ട്രീയ ഭൂപടത്തിന്റെ ശിൽപഗോപുരം മാത്രമല്ല, വിഭജനരേഖയും കെ.എം. മാണി തന്നെയായിരുന്നു. മാണിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും- അതായിരുന്നു ഇത്രകാലം പാലായുടെ രാഷ്‌ട്രീയം. കേരളകോൺഗ്രസിലെ എണ്ണമറ്റ പിളർപ്പിൽ മിക്കതിലും ഒരു തലയ്‌ക്കൽ കെ.എം. മാണിയായിരുന്നു. മാണിയെ എതിർക്കാം, വിമർശിക്കാം, പക്ഷേ, അദ്ദേഹത്തെ അവഗണിക്കാൻ കേരള രാഷ്‌ട്രീയത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *