കോൺഗ്രസ് ജയിക്കുന്നവർ കാലുമാറില്ലെന്ന‌് പരസ്യം നൽകേണ്ട ഗതികേടിൽ: പിണറായി

എറണാകുളം: ജയിക്കുന്നവർ കാലുമാറില്ലെന്ന‌് പരസ്യം നൽകേണ്ട ഗതികേടിലേക്ക‌് കോൺഗ്രസ‌് എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ ബിജെപി മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റു നേതാക്കൾ എന്നിവരിൽ ഗണ്യമായ ഭാഗവും കോൺഗ്രസിൽനിന്നു പോയവരാണ‌്. ഒരു നിമിഷംകൊണ്ട‌് കോൺഗ്രസ‌് വിടാനും ബിജെപിയിലേക്ക‌് ചേക്കേറാനും അവർക്ക‌് തടസ്സമില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ച‌് നേരെ ബിജെപിയിലേക്കു പോകുന്നു. ഇങ്ങനെ നാണംകെട്ട അവസ്ഥ രാജ്യത്ത‌് ഏതെങ്കിലും പാർടിക്കുണ്ടോ. തെരഞ്ഞെടുപ്പ‌് പ്രചാരണാർഥം വൈറ്റില, മട്ടാഞ്ചേരി, പറവൂർ മൂത്തകുന്നം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിക്കെതിരെ, വർഗീയതയ‌്ക്കെതിരെ ഉറച്ച നിലപാടെടുക്കാൻ കോൺഗ്രസിനു കഴിയില്ല. വോട്ട‌് ചെയ്യുമ്പോൾ വിശ്വാസ്യതയാണ‌് ഏറ്റവും പ്രധാനം. വർഗീയതയ‌്ക്കെതിരെ വിട്ടുവീഴ‌്ചയില്ലാത്ത നിലപാട‌് സ്വീകരിക്കുന്നവരെ മാത്രമേ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കേരളത്തിൽനിന്നു തെരഞ്ഞെടുക്കാവൂ. രാജ്യത്ത‌് ബിജെപി പരാജയപ്പെടണം എന്ന‌് ഏവരും ആഗ്രഹിക്കുന്നു. എന്നാൽ, ആ ബിജെപിക്കെതിരെ ആത്മാർഥതയോടെ അണിനിരക്കാൻ രാഹുൽ ഗാന്ധിയുടെ കോൺഗ്രസിന‌് കഴിയുന്നില്ലെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *