ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് ഇന്ന് 100 വയസ്

ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ച ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ ഏറ്റവും മനുഷ്യത്വരഹിതമായ കൂട്ടക്കൊലയ്ക്ക് ഇന്ന് 100 വയസ് തികയുന്നു. 1919 ഏപ്രിൽ 13 ന് പഞ്ചാബിലെ അമൃത്സറിലെ ജാലിയൻവാല ഉദ്യാനത്തിലാണ് ദാരുണമായ കൂട്ടകൊല അരങ്ങേറിയത്. പത്തു മിനുറ്റ് സമയം കൊണ്ട് കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം വെടിവച്ചുകൊന്നത് സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം പേരെ. മൂവായിരത്തോളം പേർക്ക് ഗുരുതര പരുക്കേറ്റു. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിതമായ ഏടാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. സ്വാതന്ത്ര്യ സമരസേനാനികളായ സത്യപാലിനെയും സൈഫുദീൻ കിച്ച്ലുവിനെയും അറസ്റ്റുചെയ്ത് നാടുകടത്താനുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കാൻ തടിച്ചുകൂടിയ ഇരുപതിനായിരത്തിൽപ്പരം നിരായുധരായ ജനങ്ങൾക്കുനേരെയാണ് യന്ത്രത്തോക്കുകൾ തീതുപ്പിയത്. 1650 ചുറ്റ് വെടിയുതിർത്തെന്നാണ് ബ്രിട്ടീഷ് രേഖകളിലുള്ളത്. ബൈശാഖി ഉത്സവത്തിന് സുവർണക്ഷേത്രം സന്ദർശിച്ചശേഷം പ്രതിഷേധയോഗത്തിന് എത്തിയ സിഖ് തീർഥാടകരും കൊല്ലപ്പെട്ടു.
1919 എപ്രിൽ 10ന് അമൃത്സറിലെ ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിലേക്കുള്ള മാർച്ചിനുനേരേ ബ്രിട്ടീഷ് പട്ടാളം നടത്തിയ വെടിവെപ്പിൽ പതിനഞ്ചോളം പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് ജാലിയൻ വാലാബാഗിൽ സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തിന് നേരെയായിരുന്നു ലോക മനഃസാക്ഷിയെ നടുക്കിയ ക്രൂരമായ കൂട്ടക്കൊല അരങ്ങേറിയത്. അന്നുതിർത്ത വെടിയുണ്ടകളും പിടഞ്ഞുവീണ ശരീരങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഗതിതന്നെ മാറ്റി. ഗാന്ധിജി നിസഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. രവീന്ദ്രനാഥ് ടാഗോർ ബ്രിട്ടീഷ് ഗവൺമെന്റ് നൽകിയ നൈറ്റ്ഹുഡ് ബഹുമതി തിരിച്ചേൽപ്പിച്ചു. ലോകമെമ്പാടും ബ്രിട്ടീഷ് കൊളോണിയൽ ഭീകരതയ്ക്കെതിരെ പ്രതിഷേധമുയർന്നു. ബ്രിട്ടനിലും പ്രതിഷേധസ്വരങ്ങളുയർന്നു. ബ്രിട്ടീഷ് യുദ്ധകാര്യ സെക്രട്ടറിയും പിൽക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ വിൻസ്റ്റൺ ചർച്ചിൽ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് പൈശാചികമെന്നാണ്. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷന്റെ ശുപാർശ പ്രകാരം സർക്കാർ കേണൽ ഡയറിന്റെ നിർബന്ധിത വിരമിക്കലിന് ഉത്തരവിട്ടു. കൂട്ടക്കൊല സമയത്ത് പഞ്ചാബ് പ്രവിശ്യ ഗവർണറായിരുന്ന മൈക്കൽ ഒ ഡയറിനെ 21 വർഷത്തിനുശേഷം 1940ൽ ലണ്ടനിൽ വെച്ച് ഉദ്ധംസിങ് വെടിവച്ചുകൊന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് സാക്ഷ്യംവഹിച്ച വ്യക്തിയായിരുന്നു ഉദ്ധംസിങ്. ആ ധീര ദേശാഭിമാനിയെ ബ്രിട്ടൻ പിന്നീട് തൂക്കിലേറ്റി. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മാപ്പ് പറയാൻ ഇതുവരെ ബ്രിട്ടൻ തയാറായിട്ടില്ല. സാമ്രാജ്യത്വവിരുദ്ധ സമരചരിത്രത്തിലെ ഉജ്വലമായ രക്തസാക്ഷിത്വ മുഹൂർത്തങ്ങളിലൊന്നായ ജാലിയൻ വാലാബാഗിന്റെ സ്മരണകൾ ഉൾക്കൊള്ളുന്ന സ്മാരകം പക്ഷേ ഇന്ന് തീവ്ര ദേശീയ ഭരണ കൂടത്തിൽനിന്ന് കടുത്ത അവഗണനയാണ് നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *