തോറ്റുപോകുന്ന പ്രഭാതങ്ങളെ അറിയുമോ?

മലിക് നാലകത്ത്

നൂറ്റാണ്ടുകൾ നീണ്ട അധിനിവേശത്തിനെതിയുള്ള പ്രതിഷേധ, പ്രതിരോധ സമരങ്ങൾ രൂപപ്പെടുത്തിയ ഒരു ദേശീയതയുണ്ട്, ഒരു നാടുണ്ട്. ആ നാടിനൊരു ഭരണഘടനയുണ്ട്. ലോകത്തെ ഏറ്റ മഹത്തായ ഭരണഘടന; മാനവികതയുടെ വേദപുസ്തകം.

അപമാനവികതയുടെ സകല ക്രൂരതകൾക്കും ഇരയായ ഒരാളുടെ, പ്രതിഭ കൊണ്ട് വർണക്കോയ്മയെ തോൽപിച്ച ഒരു മഹാന്റെ അധ്യക്ഷതയിൽ, ഇന്ത്യ കണ്ട ഏറ്റവും നല്ല ജനാധിപത്യ – മാനവികതാ വാദിയുടെ കാർമികത്വത്തിൽ രൂപീകരിക്കപ്പെട്ട ഒരു സമിതി തയ്യാറാക്കിയ ആ വേദപുസ്തകത്തോട് അന്നുതൊട്ടേ വെറുപ്പും അറപ്പും പ്രഖ്യാപിച്ച ഒരു കൂട്ടരുണ്ട്. അവരുടെ പ്രവർത്തന പദ്ധതിയുടെ പ്രഖ്യാപനമായിരുന്നു 1948 ജനുവരി 30 ന്റെ സായാഹ്നത്തിൽ ബിർളാ ഹൗസിന്റെ മുറ്റത്ത് വെടിയുണ്ടയായി ഗർജ്ജിച്ചത്.

ഒരു പ്രഭാതത്തിന്റെ തോൽവിക്ക് എന്റെ രാജ്യം ആദ്യസാക്ഷ്യം കൊണ്ടത് അന്നാണ്. കാലം ഒരുപാട് പെയ്തൊഴിഞ്ഞു. മാനവികതയുടെ വേദപുസ്തകത്താേടുള്ള അറപ്പും ഇതരരോടുള്ള വെറുപ്പും കൂടുതൽ കരുത്തു നേടി.

കഠിനാധ്വാനം കൊണ്ടു രാജ്യത്തിന്റെ വിശപ്പാറ്റിയ ഒരു ജനത അവിശ്വസിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്തപ്പോൾ നഷ്ടമായത് മൂവായിരത്തിലേറെ നിരപരാധ ജീവനുകളായിരുന്നു. വൻ മരങ്ങളുടെ വീഴ്ചയിൽ ഞെരിഞ്ഞമർന്ന പുൽകൊടികളായി അവർ ഭരണകൂട വർത്തമാനങ്ങളിൽ അടയാളപ്പെട്ടു. നെല്ലിയിൽ ഒറ്റ രാത്രിയിൽ സ്ത്രീകളും കുട്ടികളും യുവാക്കളും വൃദ്ധരുമടക്കം ഉറങ്ങിക്കിടക്കുകയായിരുന്ന ഒരേ സമുദായത്തിലെ പര സഹസ്രം ഗ്രാമീണ കർഷകർ ദേശ വംശീയതയുടെ പേരിൽ ഭൂമുഖത്തു നിന്നു തുടച്ചു നീക്കപ്പെട്ടു. ദുരന്തങ്ങളുടെ ആവൃത്തി കൂടിക്കൊണ്ടേയിരുന്നു.

നൂറ്റാണ്ടുകളായി ഒരു കൂട്ടർ തങ്ങളുടെ ദൈവത്തോടു പ്രാർത്ഥിച്ച ഒരു ആരാധനാ മന്ദിരം വെറുപ്പിന്റെ തത്വശാസ്ത്രം കൊണ്ടവർ തച്ചുടച്ചു. അങ്ങനെ പുതിയ കാലപ്പുലരിയുടെ തോൽവിയ്ക്ക് എന്റെ രാജ്യം വീണ്ടുംവീണ്ടും സാക്ഷിയായി.

ഒരു തീവണ്ടി ബോഗിയ്ക്ക് തീവെച്ചെന്നാരോപിച്ച് വീണ്ടും മറ്റൊരു സമുദായത്തെ കൂടി വേട്ടയാടിയപ്പോൾ വെറുപ്പിന്റെ തത്വശാസ്ത്രത്തിന് ജനപിന്തുണ വർദ്ധിച്ചു. പശുവും ആചാരങ്ങളും തൊഴിലും മനുഷ്യരെ തല്ലിക്കെല്ലാനുള്ള അനുമതിപത്രങ്ങളായി.
ഉന്മാദികളെപ്പോലെ അവർ താണ്ഡവമാടി.

പ്രഭാതം കെട്ടു പോവുന്നു എന്നു മനുഷ്യ സ്നേഹികൾ പറയാനും ഏറ്റുപറയാനും പ്രതികരിക്കാനും തുടങ്ങി.
മൂലധന മുതലാളിത്തവും ഭരണകൂടവും കൈകോർത്ത കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ ദുരിതത്തെ, പിഴുതെറിഞ്ഞ് പുതിയ പുലരിയ്ക്ക് കാതോർക്കുകയാണിന്ന് എന്റെ രാജ്യം. അവിടെയും തോറ്റു പോയേക്കാവുന്ന പ്രഭാതം എന്നെ അസ്വസ്ഥപ്പെടുത്തുന്നു.

ചിലരുടെ സ്ഥാനാർത്ഥിത്വം അക്രമോത്സുക ദേശീയതയ്ക്കെതിരെയുള്ള പോരാട്ടത്തെ ആവേശം കൊള്ളിക്കുമത്രെ! എങ്കിൽ അയാൾ സ്ഥാനാർത്ഥിയാവേണ്ടത് രണോത്സുക ദേശീയതയുടെ മാനവിക വിരുദ്ധത വിളയാടുന്നയിടങ്ങളിലാണ്. ഇനിയും മാനവികതയുടെ നന്മ വറ്റിയിട്ടില്ലാത്തിടത്ത് അയാൾ ആരെ ആവേശം കൊള്ളിക്കാൻ.

പ്രഭാതങ്ങൾ സ്വയം തോറ്റുപോവുന്നതല്ല; എല്ലാവരും ചേർന്നു തോൽപ്പിക്കുന്നതാണ്. പ്രതീക്ഷയുടെ അവസാന തിരിനാളങ്ങളെയും തല്ലിക്കെടുത്തി അവർ അധികാരത്തിന്റെ വീതം വെപ്പുകാരാവും. സ്വന്തം പങ്കിൽ തൃപ്തരായി അവർ കൂടുതൽ ആർഭാടങ്ങൾക്കായി ജനതയെ ഒറ്റുകൊടുക്കും, തമ്മിൽ തല്ലി കൊല്ലിക്കും. ആത്യന്തികമായി ഇന്ത്യൻ ജനാധിപത്യം കുത്തക മുതലാളിത്തത്തിന്റെ കളിപ്പാവയാണ്.

Leave a Reply

Your email address will not be published. Required fields are marked *