ബി.ജെ.പിയും സി.പി.എമ്മും തെരഞ്ഞെടുപ്പ് രംഗം വർഗീയ വൽക്കരിക്കാൻ ശ്രമിക്കുന്നു: ചെന്നിത്തല

4 എം.എൽ.എമാരെ മസാല ബോണ്ട് ഫയലുകൾ പരിശോധിക്കാൻ നിയോഗിച്ചു

മുക്കം: ബി.ജെ.പിയും സി.പി.എമ്മും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രംഗം വർഗീയ വൽക്കരിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുക്കത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി, മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ വർഗീയത ആളിക്കത്തിക്കാനും തെരഞ്ഞെടുപ്പിൽ അത് വോട്ടാക്കി മാറ്റാൻ കഴിയുമോ എന്നും പരീക്ഷിക്കുകയാണ്. ഇത് ആപൽക്കരമാണ്. ഇടതുപക്ഷവും ബി.ജെ.പിയും കേരളത്തിൽ കനത്ത പരാജയം നേരിടും. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഇവർ വർഗീയ പ്രചാരണം അഴിച്ചുവിടുന്നത്. രണ്ട് കൂട്ടരും ഒരുപോലെ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് പറഞ്ഞ് കടന്നാക്രമിക്കുകയാണ്. ശബരിമലയിൽ നടന്ന കാര്യങ്ങളെല്ലാം കേരളത്തിലെ ജനങ്ങൾക്ക് അറിവുള്ളതാണ്. സർക്കാർ ഒരു ഭാഗത്തും ബി.ജെ.പി മറുഭാഗത്തും നിന്ന് ശബരിമലയെ കലാപ ഭൂമിയാക്കി മാറ്റിയത് എല്ലാവർക്കുമറിയാം. ശബരിമല വിഷയത്തിൽ യു.ഡി.എഫിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. അതിന്റെ ഭാഗമായാണ് യു.ഡി.എഫ് വിധിക്കെതിരെ ഭരണ ഘടനാപരമായി സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിൽ മറ്റേതെങ്കിലും പാർട്ടി വിശ്വാസ സംരക്ഷണത്തിന് വേണ്ടി റിവിഷൻ ഹരജി കൊടുത്തിട്ടുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു. 2016 ൽ യു.ഡി.എഫ് ഗവൺമെന്റ് കൊടുത്ത സത്യവാങ് മൂലത്തിൽ ഉറച്ചുനിൽക്കുന്നു. ശബരിമല വിഷയത്തിൽ നിയമ നിർമാണം നടത്തുമെന്ന് പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് പാർലമെന്റ് സമ്മേളനത്തിൽ ഇത് അവതരിപ്പിച്ചില്ലെന്നും ഓഡിനൻസ് കൊണ്ടുവന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത് രണ്ടും നടത്താതെ തെരഞ്ഞെടുപ്പ് വന്നപ്പോൾ നിയമ നിർമാണം നടത്തുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്. മുസ്ലിംലീഗ് പോലെയുള്ള മതേതര നിലപാടുകൾ സ്വീകരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വർഗീയ പാർട്ടിയെന്ന് വിളിക്കുക വഴി കേരളത്തിൽ ധ്രുവീകരണം ഉണ്ടാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണ്. കേരളത്തിൽ സർക്കാരിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. ലാവ് ലിൻ കമ്പനിയെ സഹായിക്കാൻ കേരള സർക്കാർ ബോധപൂർവം എടുത്തിരിക്കുന്ന നടപടിയാണ് മസാല ബോണ്ട്. ഇതുവരെ അതിന് മുഖ്യമന്ത്രിയോ ധനകാര്യമന്ത്രിയോ തൃപ്തികരമായ മറുപടി പറഞ്ഞിട്ടില്ല. സി.ഡി.പി.ക്യു കമ്പനി മസാല ബോണ്ട വാങ്ങിയതിൽ വലിയ ക്രമക്കേട് നടന്നിട്ടുണ്ട്. ലാവ് ലിൻ കമ്പനിയിൽ 20% ഓഹരിയുള്ള സി.ഡി.പി.ക്യുവിന് ഇത്തരമൊരു ഇടപാട് നൽകുക വഴി മുഖ്യമന്ത്രിയും ധനമന്ത്രിയും ലാവ് ലിൻ കമ്പനിയോടുള്ള ഉപകാര സ്മരണ പുതുക്കുകയാണ് ചെയ്തത്. ഡോ. എം.കെ മുനീർ, വി.ഡി സതീശൻ, റോഷി അഗസ്റ്റിൻ, അനൂപ് ജേക്കബ് എന്നീ നാല് എം.എൽ.എമാരെ ഇത് സംബന്ധമായ രേഖകൾ പരിശോധിക്കാൻ യു.ഡി.എഫ് നിയോഗിച്ചിട്ടുണ്ട്. ഒന്നും മറക്കാനില്ലെങ്കിൽ കിഫ്ബിയുടെ ഫയലുകൾ നാല് എം.എൽ.എമാരെ കാണിക്കാൻ സർക്കാർ തയാറാവണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് കൊടുക്കും. മസാല ബോണ്ട് സംബന്ധിച്ച് ധനമന്ത്രി മന്ത്രിസഭയെയോ നിയമസഭയെയോ എൽ.ഡി.എഫിനെയോ മാധ്യമങ്ങളെ പോലും അറിയിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് പ്രതിപക്ഷത്തെ രേഖകൾ കാണിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *