മോദിക്കും അമിത്​ ഷാക്കുമെതിരായ പരാതികൾ ഉടൻ തീർപ്പാക്കണം- സുപ്രീം കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും തെരഞ്ഞെടുപ്പ്​ മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചെന്ന കോൺഗ്രസിൻെറ പരാതികളിൽ ഞായറാഴ്​ച്ചക്കകം തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ്​ കമീഷന്​ സുപ്രീം കോടതി നിർദേശം നൽകി. മതസ്പര്‍ധയുണ്ടാക്കുന്നതും സൈന്യത്തെ ഉദ്ധരിച്ചുള്ളതുമായ പരാമര്‍ശങ്ങളാണ് ഇരുവരും നടത്തിയിരുന്നത്. ഇവ മാതൃകാ പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനങ്ങളാണെന്ന്​ കോൺഗ്രസിൻെറ ഹരജിയിൽ ആരോപിക്കുന്നു.

കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് സമര്‍പ്പിച്ച ഹരജിയിൽ സുപ്രീംകോടതി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് നല്‍കിയിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ മാതൃകാപെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് കാണിച്ചുള്ള പരാതിയിലാണ് സുപ്രീം കോടതിയുടെ നിർദേശം.

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ വര്‍ധയില്‍ മോദി മതസ്പര്‍‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചത് ഏപ്രില്‍ ഒന്നിനാണ്. ഇതിന് ശേഷം ആഴ്ചകള്‍ കഴിഞ്ഞാണ് ഇത് പരിശോധിക്കാന്‍ കമ്മീഷന്‍ തയ്യാറായതെന്നും ഹരജിയില്‍ ആരോപിക്കുന്നുണ്ട്​.

Leave a Reply

Your email address will not be published. Required fields are marked *