രാമേശ്വരം എന്ന മഹാവിസ്മയം

നീന പോൾ

യാത്രകളെ സ്നേഹിക്കുന്നവർ ഓരോ യാത്രയിലും അന്വേഷിക്കുന്നത് അതുല്യമായ അനുഭവങ്ങളാണ്. എന്റെ സ്ഥിതിയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ഓരോ തവണ നാട്ടിൽ എത്തുമ്പോഴും ഞാൻ അന്വേഷിച്ചു പോകുന്നത് ഭാരതത്തിന്റെ ചരിത്രമുറങ്ങുന്ന, രാജഭരണത്തിന്റെ പ്രൗഢിയും കലാരൂപങ്ങളും ഒത്തുചേരുന്ന അമ്പലങ്ങൾ അന്വേഷിച്ചാണ് .അങ്ങനെ മനസിൽ കുറെയേറെ കാലം ഒളിച്ചുകിടന്ന ഒരു സ്വപ്നമാണ് രാമേശ്വരത്തേക്കുള്ള ഈ യാത്ര.മലയാളികൾക്ക് ഒരു പക്ഷെ പ്രണയം, മായാ നദി എന്ന സിനിമകൾ സമ്മാനിച്ച ഒരു ഓർമ കൂടെയാണ് രാമേശ്വരത്തെ ധനുഷ്‌കോടി . ചിത്രങ്ങളിലും സിനിമകളിലും കണ്ടു പരിചിതമായ എന്നാൽ തീർത്തും പരിചയമില്ലാത്ത ശ്രീരാമൻറെ നാടായ രാമേശ്വരത്തേക്കു എന്റെ ഒരു സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു ഞാൻ ഒരു ശനിയാഴ്ച യാത്ര തിരിച്ചു.

രാമേശ്വരം പ്രധാനമായും നാല് സ്ഥലങ്ങൾക്ക് ആണ് പ്രശസ്തം.

  1. അബ്ദുൽ കലാം മെമ്മോറിയൽ

2 . രാമേശ്വരം ശിവ ക്ഷേത്രം

3 . പാമ്പൻ പാലം

4 . ധനുഷ്‌കോടി

കടലിനു കുറുകെയുള്ള പ്രശസ്തമായ പാമ്പൻ പാലം കയറി രാമേശ്വരത്തേക്കു എത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് 2.11 ഏക്കർ വിസ്തൃതിയിൽ കിടക്കുന്ന കലാം മെമ്മോറിയൽ ആണ്. രാമേശ്വരത്തു ജനിച്ചു വളർന്ന ഈ മഹദ്‌വ്യക്തിയെ ആദരിക്കുന്നവിധം ഇദ്ദേഹത്തിന്റെ ഫോട്ടോ ഈ നാട്ടിലെ അത്യാവശ്യം എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും തന്നെ നമുക്ക് കാണാം.

ഉച്ച തിരിഞ്ഞു വിശ്വപ്രസിദ്ധമായ രാമേശ്വരം രാമനാഥസ്വാമി ക്ഷേത്രത്തിലേക്ക് ഞങ്ങൾ യാത്ര തിരിച്ചു.കടൽ തീരത്തു സ്ഥിതി ചെയ്യുന്ന ഈ മഹാ ക്ഷേത്രം ഭാരതത്തിലെ ഏറ്റവും പ്രശസ്തമായ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നു കൂടെയാണ്. നട തുറന്നു ദർശനം കഴിഞ്ഞു ചുറ്റമ്പലം കാണാൻ ഇറങ്ങിയ ഞങ്ങൾ ഒരു വളവു തിരിഞ്ഞു കയറിയത് കൊത്തുപണികൾ കഥ പറയുന്ന ആയിരകണക്കിന് തൂണുകൾ നിറഞ്ഞ മനോഹരമായ മണ്ഡപത്തിലേക്കാണ്. ഇന്റർനെറ്റിലെ ഒട്ടനവധി ചിത്രങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും രാമനാഥസ്വാമി ക്ഷേത്രത്തിലെ കലാവിരുതു ഞാൻ പ്രതീക്ഷിച്ചതിലും വളരെ മേനി കൂടിയവ ആയിരുന്നു. സമയം ഉച്ച തിരിഞ്ഞു ആയതിനാൽ ആൾക്കാരുടെ തിരക്കും വളരെ കുറവ്. കാഴ്ചകണ്ടു സമയം പോയതറിയാതെ ആ കലാവിരുതു കണ്ടും കഥകൾ കെട്ടും ചരിത്രത്തെ തൊട്ടറിഞ്ഞും ഞങ്ങൾ ഏറെനേരം അവിടെ ചിലവഴിച്ചു. മനസില്ലാമനസ്സോടെയാണ് ധനുഷ്കോടിയിൽ പോയി സൂര്യാസ്തമയം കാണുവാനായി ഇവിടെ നിന്ന് ഞങ്ങൾ നാലരയോട് കൂടെ ഇറങ്ങിയത്.

രാമനാഥസ്വാമി ക്ഷേത്രം ചിത്രങ്ങളിൽ കണ്ടു പരിചിതമായിരുന്നെകിൽ ധനുഷ്‌കോടി എന്ന മഹാ മഹാവിസ്മയം എന്റെ യാത്രകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നായിമാറുകയായിരുന്നു. 15 കിലോമീറ്ററോളം യാത്ര ചെയ്തു ഞങ്ങൾ എത്തിയത് പുതുതായി പണിത ധനുഷ്‌കോടി വരെ എത്തുന്ന, ഇരുഭാഗവും കടലിനാൽ ചുറ്റപ്പെട്ട, ധനുഷ്‌കോടി നാഷണൽ ഹൈവേയിൽ ആണ്. ഒരു ഭാഗത്തു ആര്ത്തലക്കുന്ന തിരമാലകളും മറുഭാഗത്ത്‌ ശാന്തമായ നീല കടലും വെള്ളമണൽത്തീരങ്ങളും ധനുഷ്കോടിയുടെ മാത്രം പ്രത്യേകതയാണ്.

ഒരു കാലത്തു ഭാരത്തിന്റെ ചരിത്രത്തിൽ തന്നെ ഇടം നേടുവാൻ പ്രാപ്തിയുള്ള തുറമുഖ നഗരമായിരുന്ന ധനുഷ്‌കോടി 1964 സംഭവിച്ച കൊടുങ്കാറ്റിൽ ഏതാണ്ട് പൂർണമായി തന്നെ തകരുകയായിരുന്നു. ഈ കൊടും നാശത്തിന്റെ കഥ പറയുവാനെന്നവണ്ണം തകർന്ന ഒരു പള്ളിയും ഏതാനും കെട്ടിടങ്ങളും മാത്രമേ ഇന്ന് ഇവിടെ അവശേഷിക്കുന്നുള്ളൂ. രാമേശ്വരം അധികമാരും എത്തിപ്പെടാത്ത ഒരു ചെറിയ ഗ്രാമം ആയതു കൊണ്ട് ധനുഷ്കോടിയുടെ കടൽത്തീരങ്ങൾ സമാധാനം ഉള്ളതും ജനത്തിരക്ക് തീരെ കുറവുള്ളതുമാണ്. ദ്വീപായതിനാൽ വെട്ടിത്തിളങ്ങുന്ന തെളിഞ്ഞ നീലക്കടലും മനോഹരമായ വെള്ള മണൽത്തീരവും ഏതൊരു സഞ്ചാരിയുടെയും ഹൃദയംകവരുന്നവയാണ്. ലോങ്‌ഡ്രൈവ് ഇഷ്ടപെടുന്നവർക്കും ബൈക്ക് യാത്രകളെ സ്നേഹിക്കുന്നവർക്കും പോലെ ഇഷ്ടപെടുന്ന ഒരു വീക്കെൻഡ് ഡെസ്റ്റിനേഷൻ കൂടെയാണ് രാമേശ്വരം. അതിമനോഹരമായ ഒരു സൂര്യാസ്തമയം കൺനിറയെ കണ്ടു ഞങ്ങൾ ധനുഷ്കോടിയോടു വിടപറഞ്ഞു….ഇനിയും വരുമെന്ന വാഗ്ദാനത്തോടെ …

സഞ്ചരിച്ച വഴി :

ബാംഗ്ലൂരിൽ നിന്നും സേലം – മധുര വഴി രാമേശ്വരം – ഏകദേശം 10 മണിക്കൂർ യാത്ര.

എറണാകുളത്തു നിന്നാണ് പുറപ്പെടുന്നതെങ്കിൽ പാലക്കാട്- പളനി – മധുര വഴി രാമേശ്വരം എത്താം.

യാത്രയിലുടനീളം വഴിവക്കിൽ മണ്കുടങ്ങളിൽ നിറച്ച ശുദ്ധമായ മോരുംവെള്ളം വിൽക്കുന്നത് കാണാൻ സാധിക്കും. ഇവിടെ നിർത്തുവാൻ ഒരിക്കലും മറക്കരുത്. ചെട്ടിനാടൻ ഭക്ഷണരീതി രുചിക്കുവാനുള്ള ഒരു അവസരം കൂടെയാണ് ഈ യാത്ര.മധുര സിറ്റിയിലെ കൊണാർ മെസ് ചെട്ടിനാടൻ ഭക്ഷണത്തിനു പ്രശസ്തി നേടിയതാണ്.

അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ :

  1. ധനുഷ്കോടിയിലേക്കു 5 മണിക്ക് ശേഷം പ്രവേശനം അനുവദിക്കുന്നതല്ല. ശ്രീലങ്കൻ അതിർത്തി ധനുഷ്കോടിയിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം ദൂരെ ആയതിനാൽ 6 മണിക്ക് ശേഷം ആരും തന്നെ ഇവിടെ നില്ക്കാൻ അനുവാദമില്ല.പോലീസ് ചെക്‌പോസ്റ് ഉള്ളതിനാൽ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വരേണ്ടതാണ്.
  2. രാമേശ്വരത്തിന്റെ പലഭാഗങ്ങളിലും ധനുഷ്കോടിയിലും ഫോൺ നെറ്റ്‌വർക്ക് ലഭ്യമല്ല.ധനുഷ്കോടിയിൽ പോയിട്ടുള്ള ചില സുഹൃത്തുക്കൾ ശ്രീലങ്കൻ നെറ്റ്‌വർക്ക് ലഭിച്ചതായും പറഞ്ഞു കേട്ടിട്ടുണ്ട്.

3 . രാമനാഥസ്വാമി ക്ഷേത്രത്തിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല. ബാഗ് ചെരുപ്പ് തുടങ്ങിയവ എല്ലാം തന്നെ ഹോട്ടലിൽ അല്ലെങ്കിൽ ക്ഷേത്രത്തിനു പുറത്തുള്ള ക്ലോൿറൂമിൽ നിക്ഷേപിക്കേണ്ടതാണ്.

യാത്രാനുഭവങ്ങൾ, താമസിച്ചതിന്റെ വിവരങ്ങൾ തുടങ്ങിയ കൂടുതൽ വിവരങ്ങൾ ഫേസ്ബുക്കിലെ ബ്ലോഗ് പേജിൽ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *