ലൂസിഫർ; പ്രിത്വിരാജിന്റെ സ്വന്തം മോഹൻലാൽ

സുരേഷ് കുമാർ രവീന്ദ്രൻ

എങ്ങനെയുണ്ട് ലൂസിഫർ?
മലയാള സിനിമാ വ്യവസായത്തിൽ ഏറ്റവും അധികം വിലയുള്ള ഒരു എലൈറ്റ് ബ്രാൻഡാണ് മോഹൻലാൽ. ഒരു സിനിമ ചെയ്യാനായി ആ ബ്രാൻഡിനെ സമീപിക്കുന്ന ടീമിന്റെ / ക്രൂവിന്റെ ക്വാളിറ്റിയാണ്, ഈ പറഞ്ഞ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകുന്നത്. ഗോൾ പോസ്റ്റിലേക്ക് പന്ത് എത്തുന്ന വഴിയ്ക്ക് ഇടത്തോട്ടോ, വലത്തോട്ടോ, മുന്നോട്ടോ എന്നല്ല എങ്ങോട്ടു വേണമെങ്കിലും ചാടാൻ തയ്യാറായി നിൽക്കുന്ന ഒരു ഗോളിയെ പോലെയുള്ള മോഹൻലാലിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ഒരു സംവിധായകന് കഴിഞ്ഞാൽ, ഫലം മികച്ചതായിരിക്കും, ഉറപ്പ്. ഇവിടെ ‘പ്രിത്വിരാജ് സുകുമാരൻ & ക്രൂ’ ആ ഒരു ഉത്തരവാദിത്വം വളരെ ഭംഗിയായി ഏറ്റെടുത്തു. അതിലൂടെ, ഈ ഒരു കാലഘട്ടത്തിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും രസകരമായ, ചടുലമായ, ആവേശം നിറഞ്ഞ ഒരു ക്ളീൻ & ക്ലിയർ ‘മോഹൻലാൽ എന്റർടെയിനർ’ കിട്ടി. അതാണ് ‘ലൂസിഫർ’. രണ്ടേമുക്കാൽ മണിക്കൂറിനു മുകളിൽ സമയദൈർഘ്യമുണ്ടെങ്കിലും, ഒരു രീതിയിലും ബോറടിപ്പിക്കാതെ, തികച്ചും ലീനിയർ ആയിട്ടുള്ള കഥപറച്ചിലിലൂടെ നീങ്ങിയ ‘ലൂസിഫർ’, മോഹൻലാൽ ആരാധകരെ സംബന്ധിച്ച് വലിയൊരു ഉത്സവം തന്നെയാണ്.

മോഹൻലാൽ, പ്രിത്വിരാജ് & മുരളി ഗോപി…ഈ ടീം എങ്ങനെ, നന്നായിട്ടുണ്ടോ? വിജയിച്ചോ?
ഈ ടീം ചേർന്നപ്പോൾ അത്ഭുതം സൃഷ്ടിക്കപ്പെട്ടു എന്നല്ല, ചേരുംപടി ചേർന്നപ്പോൾ അത് അതീവ രസകരമായി തോന്നി എന്നതാണ് സത്യം. മുരളി ഗോപിയുടെ ഇതുവരെയുള്ള തിരക്കഥകളിലെല്ലാം തന്നെ നല്ല രീതിയിലുള്ള കൊമേഴ്‌സ്യൽ സാധ്യതകൾ ഉണ്ടായിരുന്നു. പക്ഷെ, അവയെ ആ വഴിയ്ക്ക് കൊണ്ടു പോകാൻ എവിടെയൊക്കെ വച്ച് തലോടണം, വളയ്ക്കണം, ഒടിയ്ക്കണം എന്നൊക്കെയുള്ള ധാരണയിൽ സംഭവിച്ച പിഴവുകളാണ് വിപരീത ഫലങ്ങളുണ്ടാകാൻ കാരണം. ഇത്തവണ എല്ലാം കൃത്യമായി ചേർന്നു. മോഹൻലാലിനെ മനസ്സിൽ കണ്ട് എഴുതിയ തിരക്കഥ, അത് കൺസീവ് ചെയ്യാൻ മുന്നോട്ടു വന്നതോ ഏറ്റവും വലിയ മോഹൻലാൽ ആരാധകനായ പ്രിത്വിരാജ് സുകുമാരനും! ആനന്ദലബ്ധിയ്ക്ക് വേറെ എന്താ വേണ്ടത് എന്ന മാനസികാവസ്ഥയിൽ, നല്ല കാച്ചിക്കുറുക്കിയ സംഭാഷണങ്ങളും ചേർത്ത് മുരളി ഗോപി തന്റെ ഭാഗം ഭംഗിയാക്കി തീർത്തു കൊടുത്തു.

‘വെള്ളിത്തിര’ (2003) എന്ന തന്റെ നാലാമത്തെ സിനിമയുടെ സെറ്റിൽ, ഭദ്രൻ എന്ന സംവിധായകന്റെ നിർദ്ദേശങ്ങൾ കേട്ട് അഭിനയിക്കുന്ന സമയത്താണ് ആദ്യമായി ‘സിനിമാ സംവിധാനം’ എന്ന മോഹം പ്രിത്വിരാജിന്റെ തലയിൽ ഉദിച്ചതെന്ന് കേട്ടിട്ടുണ്ട്. 15 – 16 വർഷങ്ങൾക്കിപ്പുറം, ആ ഒരു മോഹം വളർന്നു വളർന്ന് എവിടെയെത്തി നിൽക്കുന്നു എന്നത് ‘ലൂസിഫർ’ കാണിച്ചു തരുന്നു. റിയലിസ്റ്റിക് സമീപനമുള്ള സിനിമകളോട് പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള കാലമാണിത്. അങ്ങനെയുള്ളപ്പോൾ, പതിവ് രീതികളിൽ നിന്നും മാറി സഞ്ചരിക്കാതെ ഒരു കൊമേഴ്‌സ്യൽ സിനിമയെ ജനപ്രിയമാക്കാൻ പ്രയാസമാണ്. 99.99% ക്ളീഷേ വിമുക്തമാണ് ‘ലൂസിഫർ’ എന്നല്ല പറയുന്നത്, പക്ഷെ, അവതരിപ്പിക്കുന്ന രീതി ഫ്രെഷ് ആണെങ്കിൽ പ്രേക്ഷകർ കയ്യടിച്ച് പാസ്സാക്കും. ‘ലൂസിഫർ’ അത്തരത്തിലൊന്നാണ്. പ്രിത്വിരാജ് സുകുമാരൻ എന്ന ടീം ക്യാപ്റ്റന് അഭിനന്ദനങ്ങൾ.

മറ്റു അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ?
വിവേക് ഒബ്‌റോയ്, പുള്ളിക്കാരന് ശബ്ദം കൊടുത്ത നടൻ വിനീത്, രണ്ടു പേരും അത്ഭുതപ്പെടുത്തി. അന്യഭാഷാ നടനെന്ന നിലയ്ക്കും, പഠിക്കാൻ പ്രയാസമുള്ള ഭാഷയായ മലയാളമാണ് സംസാരിക്കേണ്ടത് എന്ന നിലയ്ക്കും, ലിപ് മൂവ്മെന്റിൽ സംഭവിക്കാവുന്ന കുഴപ്പങ്ങൾ പൂർണ്ണമായും ഒഴിവാക്കി വിമൽ റോയ് അഥവാ ബോബി എന്ന കഥാപാത്രത്തെ വിവേക് ഒബ്‌റോയ് ഗംഭീരമാക്കി. പ്രിയദർശിനി രാംദാസായി മഞ്ജു വാരിയർ, ജിതിൻ രാംദാസായി ടോവിനോ തോമസ്, മഹേഷ് വർമ്മയായി സായി കുമാർ, ഗോവര്‍ദ്ധനായി ഇന്ദ്രജിത് സുകുമാരന്‍, അങ്ങനെ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വച്ചു.

ആയിരം ആളുകളെ ഒരൊറ്റ ഫ്രെയിമിൽ നിർത്താനും, അതിൽ താൻ ആഗ്രഹിക്കുന്നവരുടെയൊക്കെ മുഖങ്ങൾ നല്ല രീതിയിൽ ഫോക്കസ് ചെയ്യിപ്പിച്ച് എടുക്കാനുമൊക്കെ കഴിവുള്ള ഐ.വി.ശശിയെ മനസ്സിൽ ധ്യാനിച്ച് പ്രിത്വിരാജ് എന്ന സംവിധായകൻ കളത്തിലിറങ്ങുന്നു. ഐ.വി.ശശിയ്ക്ക് ഈ പറഞ്ഞതൊക്കെ സാധ്യമാക്കിയ ജയാനൻ വിൻസെന്റിനെ പോലുള്ളവരെ നമിച്ചു കൊണ്ട് ഛായാഗ്രാഹകൻ സുജിത് വാസുദേവ് അവിടെയെത്തി പ്രിത്വിരാജിന് കൈ കൊടുക്കുന്നു. അത്രേയുള്ളൂ, വളരെ സിംപിൾ! അതാണ് ‘ലൂസിഫർ’ സമ്മാനിക്കുന്ന ദൃശ്യഭംഗി. സംജിത് മുഹമ്മദിന്റെ എഡിറ്റിങ് മികവ് എടുത്തു പറയേണ്ടതാണ്. എടുത്തു പറയത്തക്ക പ്രത്യേകതകളുള്ള തീം മ്യൂസിക് ശകലങ്ങളൊന്നും തന്നെ കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും, രംഗങ്ങൾ ആവശ്യപ്പെടുന്ന ചടുലത നിലനിർത്താൻ ദീപക്‌ദേവിന്റെ പശ്ചാത്തല സംഗീതത്തിന് കഴിഞ്ഞിട്ടുണ്ട്.

പ്രേക്ഷകരോട് പറയാനുള്ളത്?
ഈ ഒരു കാലഘട്ടത്തിൽ മലയാളത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച കൊമേഴ്‌സ്യൽ സിനിമയാണ് ‘ലൂസിഫർ’. കാണാത്തതോ, കേൾക്കാത്തതോ ആയ അത്ഭുതങ്ങൾ പ്രതീക്ഷിക്കണ്ട, മറിച്ച്, അർത്ഥശൂന്യമായ കോപ്രായങ്ങളൊക്കെ സഹിക്കേണ്ട ഇട വരുത്താതെ ആഘോഷപൂർവ്വം രസിക്കാവുന്ന ഒരു എന്റർടെയിനറാണ് ‘ലൂസിഫർ’. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, അങ്ങനെ ഏതു ഭാഷയിലും ഇത് പ്രേക്ഷകരെ രസിപ്പിക്കും. ഉറപ്പ്.

-സുരേഷ് കുമാര്‍ രവീന്ദ്രന്‍-

Leave a Reply

Your email address will not be published. Required fields are marked *