വോട്ടിങ് ശതമാനം 90 ശതമാനത്തിന് മുകളിലെത്തിക്കുക ലക്ഷ്യം: ടീക്കാറാം മീണ

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 90 ശതമാനത്തിനുമുകളിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വോട്ടിംഗ് ബോധവത്കരണ പരിപാടി ‘കാസ്റ്റ് യുവർ വോട്ട്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ ബോധവത്കരണ പരിപാടികൾ നടത്തിവരികയാണ്. 3.75 ലക്ഷം പുതുവോട്ടർമാരാണ് പുതുതായി ഇതുവഴി വോട്ടർപട്ടികയിലേക്ക് കടന്നുവന്നത്. നിഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കാസ്റ്റ് യുവർ വോട്ട്’ പരിപാടിയുടെ ഭാഗമായുള്ള പ്രചാരണ വാഹനവും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. കോളേജിലെ വിദ്യാർഥികൾക്ക് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെയും വി.വി. പാറ്റിന്റെ പ്രവർത്തനങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ വിശദീകരിച്ചുനൽകി. എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ ജയമോഹൻ ജെ, വിദ്യാർഥി അമ്പാസഡർ ദേവിക, ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റസിഡൻറ് എഡിറ്റർ കിരൺ പ്രകാശ്, ജനറൽ മാനേജർ വിഷ്ണുകുമാർ തുടങ്ങിയവർ സംബന്ധിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *