സിനിമ ടിക്കറ്റുകൾക്കുള്ള 10 ശതമാനം വിനോദ നികുതി പ്രാബല്യത്തിൽ

മുക്കം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാന നഷ്ടത്തിന്റെ തോത് കുറക്കുന്നതിനായി സിനിമ ടിക്കറ്റുകൾക്കു മേൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പത്ത് ശതമാനം വിനോദ നികുതി പ്രാബല്യത്തിൽ. ചരക്ക് സേവന നികുതി നിയമം നിലവിൽ വന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കി വന്ന വിനോദനികുതി 2017 ജൂലൈ ഒന്നുമുതൽ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ 2018 ഡിസംബറിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ സിനിമ ടിക്കറ്റിൻമേൽ ഏർപ്പെടുത്തിയിരുന്ന ജി.എസ്.ടി നിരക്ക് 28 ശതമാനത്തിൽനിന്ന് 18 ശതമാനമായി കുറച്ചിരുന്നു. ഇതോടെയാണ് വരുമാന നഷ്ടം ഒഴിവാക്കാൻ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സിനിമ ടിക്കറ്റിന് 10 ശതമാനം വിനോദ നികുതി ചുമത്താൻ സർക്കാർ തീരുമാനിച്ചത്. അതിനനുസരിച്ചുള്ള വ്യവസ്ഥകൾ 2019ലെ കേരള ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നീക്കത്തിനെതിരെ വിവിധ സിനിമ സംഘടനകളിൽ നിന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനമന്ത്രി അടക്കമുള്ളവരുമായി സിനിമാ സംഘടനകൾ ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികൾ പരിഗണിച്ച് ചരക്ക് സേവന നികുതിക്ക് പുറമെ വിനോദ നികുതി കൂടി ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഏപ്രിൽ ഒന്നിന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വി. ശ്രീജ ഇന്നലെ ഇറക്കിയ ഉത്തരവ് പ്രകാരം സിനിമ ടിക്കറ്റിൻമേൽ പത്ത് ശതമാനം വിനോദനികുതി ഈടാക്കണമെന്ന വ്യവസ്ഥ നിലവിൽ വന്നതായി വ്യക്തമാക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിനോദ നികുതി പിരിക്കുവാൻ അധികാരം നൽകുന്ന 1961ലെ കേരള ലോക്കൽ അതോറിറ്റീസ് എന്റർടെയ്ൻമെന്റ് ടാക്സ് ആക്ട് സെക്ഷൻ മൂന്ന് പ്രകാരമാണ് സർക്കാർ നടപടി. നിലവില്‍ സിനിമ വ്യവസായം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ അധിക നികുതി കൂടി വന്നാല്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകരുടെ എണ്ണം വീണ്ടും കുറയുമെന്നും മലയാള സിനിമയുടെ നാശത്തിന് കാരണമാകുമെന്നുമാണ് സിനിമ സംഘടനകള്‍ അഭിപ്രായപ്പെടുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *