ഹൃദയം തൊട്ട് രാഹുൽ; വാരിപ്പുണർന്ന് മലയോരം


മുക്കം: ചുട്ടുപൊള്ളുന്ന വേനൽ ചൂടിനെ പോലും വകവക്കാതെ കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയെ കാണാനെത്തിയത് ആയിരങ്ങൾ. മുക്കത്തെ വഴിയോരങ്ങളിൽ അക്ഷമരായി കാത്തുനിന്ന സ്ത്രീകളും വയോജനങ്ങളും യുവാക്കളും വിദ്യാർഥികളുമടങ്ങുന്ന ജനസഞ്ചയത്തെ ഹൃദയംകൊണ്ട് അഭിവാദ്യം ചെയ്ത് രാഹുൽ ഗാന്ധി. രാവിലെ 11 മണിക്ക് മുക്കത്ത് എത്തുമെന്നറിയിച്ച രാഹുൽ ഗാന്ധി ഈങ്ങാപുഴയിലെ സ്വീകരണം കഴിഞ്ഞ് ഒരു മണിക്കൂർ വൈകി 12 മണിയോടെയാണ് എത്തിയത്. രാഹുലിനെ കാണുന്നതിനായി രാവിലെ ഒൻപത് മണി മുതൽ തന്നെ ജനം മുക്കത്തേക്ക് ഒഴുകുകയായിരുന്നു. റോഡ് ഷോ തുടങ്ങിയ പഴയ ഫയർസ്റ്റേഷൻ പരിസരം മുതൽ അവസാനിച്ച നോർത്ത് കാരശ്ശേരി വരെ റോഡിന് ഇരുവശവും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ വൻസാന്നിധ്യമായിരുന്നു ഉണ്ടായിരുന്നത്. കനത്ത വെയിലിനെപ്പോലും വകവെക്കാതെയാണ് ആളുകൾ മണിക്കൂറുകൾ കാത്തു നിന്നത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലും തുറന്ന വാഹനങ്ങളിലുമായി രാഹുലിന്റെ ചിത്രം പതിച്ച കൊടിയും പാർട്ടി കൊടികളുമായി യു.ഡി.എഫ് പ്രവർത്തകർ റോഡിലിറങ്ങിയതും ആവേശമായി. 12 മണിയോടെ മുക്കത്തെത്തിയ രാഹുലിനെ മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.ടി അഷ്റഫ് ഷാൾ അണിയിച്ച് സ്വീകരിച്ചു. എസ്.പി.ജിയുടേയും പൊലിസിന്റെയും കനത്ത സുരക്ഷയാണ് ഒരുക്കിയതെങ്കിലും വാഹനത്തിന്റെ അടുത്തെത്തിയവർക്ക് ഷെയ്ക്ക് ഹാന്റ് നൽകാൻ രാഹുൽ തയ്യാറായി. തുടർന്ന് തുറന്ന വാഹനത്തിൽ 700 മീറ്ററോളം റോഡ് ഷോ. റോഡിന് ഇരുവശവും കാത്തിരുന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്തും മലയാളത്തിൽ നന്ദി അറിയിച്ചും നോർത്ത് കാരശ്ശേരിയിലേക്ക്. അതിനിടെ മുക്കം ബൈപ്പാസിനടുത്ത് കാരശ്ശേരി ബാങ്കിന് സമീപം പത്ത് മിനുട്ട് സംസാരം.തന്നെ റെക്കോർഡ് ഭൂരിപക്ഷത്തിന് വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി പറഞ്ഞാണ് രാഹുൽ ഗാന്ധി പ്രസംഗം തുടങ്ങിയത്. വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാൻ കഴിഞ്ഞുവെന്നും പ്രശ്നങ്ങൾ നിങ്ങളോടൊപ്പം പ്രവർത്തിച്ചു കൊണ്ട് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ഥ രാഷ്ട്രീയ ബോധമുള്ളതാണ് കേരളത്തിന്റെ പ്രത്യേകത. എല്ലാ രാഷ്ട്രീയക്കാരും എനിക്ക് വോട്ട് ചെയ്തു. ഇടതുപക്ഷ എം.എൽ.എ എന്നെ വന്ന് കണ്ടു. അതെനിക്ക് വലിയ സന്തോഷം നൽകി. മറ്റ് ഇടതുപക്ഷ എം.എൽ.എമാരെയും കാണാനാഗ്രഹിക്കുന്നു. ആശയപരമായ വ്യത്യാസങ്ങളുണ്ടെങ്കിലും അവരുമായി പൂർണമായും സഹകരിച്ച് പ്രവർത്തിക്കും. എന്നാൽ ഇത്തരം സഹകരണങ്ങൾ പ്രധാനമന്ത്രിയിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ പ്രതീക്ഷിക്കുന്നില്ല. അവരുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. പ്രധാനമന്ത്രി കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് താൻ കരുതുന്നില്ല. ഉത്തർപ്രദേശിനോട് കാണിക്കുന്ന മനോഭാവം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ല. ഇടതുപക്ഷവും കോൺഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി പരിഗണന നൽകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എല്ലാർക്കും പിന്തുണ കിട്ടാറുണ്ടെങ്കിലും നിങ്ങളെനിക്ക് വലിയ സ്നേഹം നൽകുന്നു. ഇത് വെറും പിന്തുണ മാത്രമല്ല, സ്നേഹമാണ്. മറുപടിയായി എന്റെ സ്നേഹം നൽകുന്നുവെന്നും രാഹുൽ പറഞ്ഞു.നോർത്ത് കാരശ്ശേരി പ്രിയദർശിനി ഓഡിറ്റോറിയത്തിന് സമീപത്ത് നിന്ന് വോട്ടർമാർക്ക് ഒറ്റ വാക്കിൽ നന്ദി അറിയിച്ചാണ് രാഹുൽ മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *